എരുമേലി കാളകെട്ടിയിൽ കാനനപാത തെളിക്കൽ ആരംഭിക്കുന്നതിന് മുമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും വാർഡ് മെംബറും നിർദേശങ്ങൾ നൽകുന്നു.
എരുമേലി: വനം വകുപ്പിന്റെ നേതൃത്വത്തിൽ ശബരിമല പരമ്പരാഗത കാനനപാത തെളിക്കൽ ആരംഭിച്ചു. ശബരിമല സീസണിൽ മാത്രം തുറക്കുന്ന പാത മാസങ്ങളായി ജനസഞ്ചാരമില്ലാത്തതിനാൽ കാട് നിറഞ്ഞ അവസ്ഥയിലാണ്.
പാതയിലെ കാടുകൾ വെട്ടി മാറ്റി വഴിയൊരുക്കുന്ന ജോലികൾ പൂർത്തിയായാലും തീർഥാടനം ആരംഭിക്കുന്നതിന് മുമ്പ് വീണ്ടും കാട് വെട്ടി വഴി യാത്രായോഗ്യമാണെന്ന് ഉറപ്പാക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. വന സംരക്ഷണസമിതി അംഗങ്ങളും വനപാലകരും ചേർന്നാണ് പാതയിലെ കാട് തെളിക്കുന്നത്.
എരുമേലിയിൽ കോയിക്കക്കാവ് മുതലാണ് കാനനപാതയുടെ തുടക്കം. എരുമേലിയിൽനിന്ന് പേരൂർത്തോട് എത്തി ഇരുമ്പൂന്നിക്കര വഴി കോയിക്കക്കാവ് വരെ വാഹന ഗതാഗതമുണ്ട്. കോയിക്കക്കാവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മുതൽ കാൽനടയായാണ് സഞ്ചാരം അനുവദിച്ചിട്ടുള്ളത്. തുടർന്ന് മമ്പാടി വഴി വനത്തിലൂടെ കാളകെട്ടി ക്ഷേത്രത്തിൽ എത്തുമ്പോഴാണ് ഇടത്താവള വിശ്രമകേന്ദ്രമാകുന്നത്. ഇതിനിടെയുള്ള കാട്ടുപാതയിൽ ആരോഗ്യ വകുപ്പിന്റെ ഓക്സിജൻ പാർലറുകളും പ്രാഥമിക ചികിത്സാ സൗകര്യങ്ങളും മൊബൈൽ മെഡിക്കൽ യൂണിറ്റും താത്കാലിക കടകളും ഉൾപ്പടെ സേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് ഉടൻ നടപടികളാകുമെന്ന് വനം വകുപ്പ് അറിയിച്ചു.
കാളകെട്ടിയിൽ ഇത്തവണ 51 അംഗ പൊലിസാണ് ഡ്യൂട്ടിക്കുണ്ടാകുകയെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു. പൊലിസ് എയ്ഡ് പോസ്റ്റ് നിർമിക്കുന്നതിനുള്ള സ്ഥലം വനം വകുപ്പും എയ്ഡ് പോസ്റ്റിനുള്ള ഷെഡ് ദേവസ്വം ബോർഡുമാണ് ലഭ്യമാക്കുക.
തീർഥാടനകാലത്ത് സമയനിയന്ത്രണമില്ലാതെ മുഴുവൻ സമയവും യാത്ര അനുവദിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും യാത്രാവിലക്കോ രാത്രിയാത്രാ നിയന്ത്രണമോ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ല.
കാട് തെളിക്കലിന്റെ ഉദ്ഘാടനം വാർഡ് അംഗം പി.എസ്. സുരണ്യ നിർവഹിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ നെജിമോൻ, വന സംരക്ഷണസമിതി പ്രസിഡന്റ് എം.എസ്. സതീശ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ റെജി ശ്രീധർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ വിജയകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.