കുരുവിക്കൂട്-ജീരകത്തുപടി റോഡിൽ യാത്ര ഏറ്റവും ദുഷ്കരമായ തോട്ടുങ്കൽ ഭാഗം.
ഉരുളികുന്നം: പാലാ-പൊൻകുന്നം റോഡിലെ കുരുവിക്കൂട് കവലയിൽനിന്ന് തുടങ്ങുന്ന മൂന്നു കിലോമീറ്റർ ദൂരമുള്ള ഉരുളികുന്നം താഷ്കന്റ്-ജീരകത്തുപടി റോഡ് തകർന്ന് നാട്ടുകാർക്ക് ദുരിതയാത്ര.
ജില്ലാ പഞ്ചായത്തിന്റെ ഈ റോഡിൽ എന്നൊക്കെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടോ ഒരു മാസത്തിനകം കുഴികളുമായിട്ടുണ്ട്. ടാറിംഗിലെ അപാകത പണി നടക്കുമ്പോൾ തന്നെ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതാണ്. അന്ന് ടാറിംഗ് നടത്തി മൂന്നു മാസത്തിനുള്ളിൽ തോട്ടുങ്കൽ ഭാഗം, വില്ലാനിക്കൽ ഭാഗം, കുരുവിക്കൂട് കയറ്റം എന്നിവിടങ്ങളിൽ റോഡ് തകർന്നു. പിന്നീട് മൂന്നുതവണ ടാറിംഗും കോൺക്രീറ്റിംഗുമായി അറ്റകുറ്റപ്പണികൾ ഈ ഭാഗത്തെല്ലാം ചെയ്തെങ്കിലും ഇപ്പോഴും യാത്രായോഗ്യമല്ല.
റോഡിന്റെ തുടക്കത്തിൽ തന്നെ കുരുവിക്കൂട് കയറ്റത്തിൽ ടാറിംഗ് തകർന്നു. വില്ലാനിക്കൽ കയറ്റം, താഴത്തേൽഭാഗം എന്നിവിടങ്ങളിലും റോഡ് പൊളിഞ്ഞു. ഏറ്റവുമധികം അപകടസാധ്യത തോട്ടുങ്കൽ ഭാഗത്താണ്. 50 മീറ്ററിലേറെ ഇറക്കമുള്ള ഭാഗത്ത് റോഡ് പൊളിഞ്ഞ് മെറ്റൽ നിരന്നുകിടക്കുകയാണ്. ഇരുചക്രവാഹനങ്ങളിൽ ഇതുവഴിയുള്ള യാത്ര ഇപ്പോൾ അപകടകരമാണ്. വഴിയുടെ ദുരവസ്ഥയെക്കുറിച്ച് പരിചയമില്ലാത്തവർ ഇവിടെ വീണ് പരിക്കേൽക്കുന്നതായി നാട്ടുകാർ പറഞ്ഞു.
ഇതിനു സമീപം തോട്ടുങ്കൽ പാലം എംഎൽഎ ഫണ്ടുപയോഗിച്ച് അടുത്തിടെ പുനർനിർമിച്ചു. പാലത്തിനു സമീപമുള്ള തകർന്ന റോഡ് പുനർനിർമിക്കാൻ കൂടി ഫണ്ട് അനുവദിക്കണമെന്ന് പ്രദേശവാസികൾ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
Tags : Kuruvikkoodu–Tashkent–Jeerakattupadi road Nattuvishesham DistrictNews