ഇടമലക്കുടിയില്‍ ജനമൈത്രി എക്സൈസ് സ്ക്വാഡ് സംഘടിപ്പിക്കുന്ന പിഎസ്സി പരിശീലന പദ്ധതിയുടെ ഉദ്ഘാടനം എഫ്. രാജ എംഎല്‍എ നിര്‍വഹിക്കുന്നു.
ഇടുക്കി: ആദിവാസി മേഖലയിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നേടുന്നതിനുള്ള അവസരമൊരുക്കി ദേവികുളം ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആറു മാസത്തെ പിഎസ്സി പരിശീലന പദ്ധതിക്ക് ഇടമലക്കുടിയില്‍ തുടക്കമായി. എഫ്. രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പരിശീലനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പഠനസഹായികളും എംഎല്‍എ വിതരണം ചെയ്തു.
ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് എം. ബിനു അധ്യക്ഷത വഹിച്ചു. ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പി.എസ്. ഹരികുമാര്‍ ലഹരിവിരുദ്ധ സന്ദേശം നല്കി. ജനമൈത്രി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി. ദിലീപ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുസാധ, അംഗം സെല്‍വി, പഞ്ചായത്ത് സെക്രട്ടറി സജി പീറ്റര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ. ധനേഷ്, ഇടമലക്കുടി ഗവ. ട്രൈബല്‍ എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര് എ. ഷമീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാഹുല്‍ ഹമീദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം.വി. അനീഷ് എന്നിവര്‍ പ്രസംഗിച്ചു.