ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിലും ഇതിൽ ഏർപ്പെടുത്തിയിരിക്കുന്ന സജ്ജീകരണങ്ങളിലും അപാകതയുണ്ടെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യം ശക്തം. ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിട്ടുണ്ട്.
കാലവർഷത്തെ തുടർന്ന് കെട്ടിടത്തിലെ ഭിത്തികളിൽ കൂടിയും വലിയ തൂണുകളിൽ കൂടിയും വൻ തോതിൽ വെള്ളം ഒഴുകുന്നുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് സർജറി ബ്ലോക്കിന്റെ നിർമാണം നടന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലാവധി തീരും മുമ്പ് ഉദ്ഘാടനം നടത്താൻ അറ്റകുറ്റപ്പണികൾ പരിഹരിക്കാതെ അതിവേഗം നിർമാണം നടത്തുകയായിരുന്നെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം സർജറി ബ്ലോക്കിലെ ഒന്നാം നിലയുടെ സീലിംഗ് അടർന്നു വീണിരുന്നു. ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന യൂണിറ്റിന്റെ സമീപത്തുള്ള ഇടനാഴിയിലെ സീലിംഗാണ് അടർന്നു വീണത്. ഏതാനും മാസം മുമ്പ് കെട്ടിടത്തിലെ പൈപ്പ് പൊട്ടി അണുവിമുക്ത യുണിറ്റിലെ സീലിംഗ് തകർന്ന് അണുവിമുക്ത യൂണിറ്റിൽ വെള്ളം നിറഞ്ഞിരുന്നു. ഇതിനു പുറമേ കെട്ടിടത്തിന്റെ മുകളിൽ നിന്നും വാർക്കയുടെ ഒരു ഭാഗം അടർന്ന് വീണ് ഡോക്ടറുടെ കാറിന്റെ മുൻവശത്തെ ചില്ല് പൊട്ടിത്തകർന്ന സംഭവവുമുണ്ടായി.
ശുചിമുറികളിൽ നിന്നും മലിന വസ്തുക്കൾ പുറന്തള്ളണമെങ്കിൽ എക്സ്ട്രാ പമ്പിംഗ് നടത്തണമെന്നും ആരോപണമുണ്ട്. ഇത്തരത്തിൽ നിരവധി പരാതികളാണ് പുതിയ സർജറി ബ്ലോക്കിൽ നിന്നും ഉയരുന്നത്. ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വൈകുന്ന സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കുമെന്നും ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി ചൂണ്ടിക്കാട്ടി.
Tags : Local News Nattuvishesham Kottayam