മുളവൂരില്‍ പെരിയാര്‍വാലി കനാലിലേക്ക് ശുചിമുറി മാലിന്യം തള്ളിയത് അറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് പരിശോധനയ്ക്കെത്തിയപ്പോള്‍.
മൂവാറ്റുപുഴ : മുളവൂരില്‍ പെരിയാര്‍വാലി കനാലിലേക്ക് ശുചിമുറി മാലിന്യം തള്ളിയതായി പരാതി. മുളവൂര്‍ പൊന്നിരിക്കപറമ്പിന് സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നാണ് പെരിയാര്‍വാലി കനാലിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയത്.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സെപ്റ്റിക് ടാങ്കിലെ മാലിന്യം മോട്ടോര്‍ ഉപയോഗിച്ച് കനാലിലേക്ക് ഒഴുക്കുകയായിരുന്നു. കുറച്ച് നാളുകളായി ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികളുടെ നിരീക്ഷണത്തിലായിരുന്നു ഇവിടം. മഴക്കാലമായതിനാല്‍ രാത്രിയാകുമ്പോള്‍ കെട്ടിട ഉടമ സെപ്റ്റിക് ടാങ്ക് മാലിന്യം കനാലിലേക്ക് ഒഴുകുന്നത് പതിവായിരുന്നു.
ഇതിനിടെ വ്യാഴാഴ്ച രാത്രി മാലിന്യം ഒഴുക്കുന്നത് പ്രദേശവാസികള്‍ കൈയോടെ പിടികൂടുകയായിരുന്നു. സംഭവം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അസീസ്, വാര്‍ഡംഗം ബിസ്മി സലാം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മൂവാറ്റുപുഴ പോലീസ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ്, പെരിയാര്‍ വാലി അധികൃതര്‍ എന്നിവർക്ക് പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.