പ്രതീകാത്മക ചിത്രം
കണ്ണൂർ: ഡെങ്കിപ്പനിയുൾപ്പടെയുള്ള കൊതുകുജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി നടത്തിയ ഫോഗിംഗിനു പിന്നാലെ വസ്ത്ര സ്ഥാപനത്തിലെ വനിതാ ജീവനക്കാരികൾക്ക് ശ്വാസതടസവും ദേഹാസ്വാസ്ഥ്യം. ഇവരെ എകെജി ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ജീവനക്കാരികളായ ഷീജ (42), നിമ (42), ദിൽഷ (32), അനഘ (28), അനിത (52), സജിനി (26), മഞ്ജു (40), സജിന (27), ദിവ്യ (45), അനുശ്രീ (20) എന്നിവരാണ് ചികിത്സ തേടിയത്.
ഇന്നലെ രാവിലെ സ്ഥാപനത്തിലും പരിസരത്തും ഗോഡൗണിലും വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ഫോഗിംഗ് നടത്തിയത്. ഫോഗിംഗിന് ശേഷം നിശ്ചിത സമയം കഴിഞ്ഞു മാത്രമേ അകത്തേക്ക് കയറാവൂ എന്ന് നിർദേശിച്ചിരുന്നു. നിർദേശം ലംഘിച്ച് അകത്ത് പ്രവേശിച്ചവർക്കാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.