തെരഞ്ഞെടുക്കപ്പെട്ട റോസ് മേരി അപേഷ്, വൈസ് പ്രസിഡന്റ് നിഖിൽ പള്ളിപ്പുറം.
പാറളം: അവിശ്വാസപ്രമേയത്തെത്തുടർന്ന് ബിജെപിക്കു ഭരണം നഷ്ടമായ പാറളം ഗ്രാമപഞ്ചായത്തിൽ ഭരണംപിടിച്ച് കോണ്‍ഗ്രസ്. പ്രസിഡന്റായി കോണ്‍ഗ്രസിലെ റോസ്മേരി അപേഷിനെയും വൈസ് പ്രസിഡന്റായി നിഖിൽ പള്ളിപ്പുറത്തിനെയും തെരഞ്ഞെടുത്തു. രണ്ടു സിപിഐ അംഗങ്ങൾ നൽകിയ പിന്തുണയിലാണു കോണ്‍ഗ്രസ് വിജയം ഉറപ്പാക്കിയത്. ആറിനെതിരേ എട്ടു വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വിജയം. എൽഡിഎഫിലെ മൂന്ന് അംഗങ്ങളുടെ വോട്ട് അസാധുവായി.
റോസ് മേരി അപേഷ് പത്താംവാർഡ് മെന്പറും നിഖിൽ പതിനഞ്ചാം വാർഡ് മെന്പറുമാണ്. ഇന്നലെ രാവിലെ പതിനൊന്നോടെ പഞ്ചായത്ത് ഹാളിലായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഉച്ചയ്ക്കുശേഷം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ബിജെപിയിലെ അനിത പ്രസന്നൻ, വൈസ് പ്രസിഡന്റ് മനോജ് അയ്യപ്പത്ത് എന്നിവർക്കെതിരേ കഴിഞ്ഞ സെപ്റ്റംബർ പത്തിന് എൽഡിഎഫ് പിന്തുണയോടെ കോണ്‍ഗ്രസ് അംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായിരുന്നു. പതിനേഴംഗ ഭരണസമിതിയിൽ ആറിനെതിരേ പത്തു വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്.
കോണ്‍ഗ്രസ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അഞ്ച് എൽഡിഎഫ് അംഗങ്ങളുടെ പിന്തുണ ലഭിച്ചതാണു ബിജെപിക്കു തിരിച്ചടിയായത്. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. കോണ്‍ഗ്രസിനും ബിജെപിക്കും ആറുവീതം അംഗങ്ങളും സിപിഐക്കു മൂന്നും സിപിഎമ്മിനു രണ്ട് അംഗങ്ങളുമാണ് ഇവിടെയുള്ളത്.
Tags :