വടക്കഞ്ചേരി: വണ്ടാഴി കുടുംബാരോഗ്യകേന്ദ്രത്തിനു കീഴിൽ മുടപ്പല്ലൂരിലുള്ള സബ് സെന്ററിൽ നിന്നും ആറ്, ഇരുപത് എന്നീ വാർഡുകൾ മാറ്റാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം.
നിലവിലെ സ്ഥിതി തുടരണമെന്നും കോൺഗ്രസ് മെംബർമാരുള്ള വാർഡുകൾമാത്രം തൊട്ടടുത്ത സബ് സെന്ററിലെ സേവനപരിധിയിൽനിന്നു മാറ്റി ദൂരെയുള്ള സെന്ററിനു കീഴിലാക്കുന്നതിലാണ് പ്രതിഷേധം. സമരക്കാർ വണ്ടാഴി മെഡിക്കൽ ഓഫീസറുടെ ഓഫീസിലെത്തി പ്രതിഷേധിച്ചു.
ചില ആരോഗ്യവകുപ്പ് ജീവനക്കാരും പഞ്ചായത്ത് ഭരണസമിതിയും ചേർന്നാണ് രാഷ്ട്രീയ താത്പര്യത്തോടെ നടപടി നടത്തുന്നതെന്നാണ് ആരോപണം. തീരുമാനം നടപ്പായാൽ പ്രായമായവരും ഗർഭിണികളും പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ട കുട്ടികൾ ഉൾപ്പടെയുള്ളവർ മാത്തൂർ വണ്ടാഴിയിലേക്കും പോകേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടുന്നു. വാർഡ് മെംബർമാരെ പോലും അറിയിക്കാതെ ഏകപക്ഷീയമായാണ് തീരുമാനം എടുത്തിട്ടുള്ളതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ പറഞ്ഞു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ മാസ്റ്റർ, സെക്രട്ടറി എൻ. വിഷ്ണു, പഞ്ചായത്ത് അംഗങ്ങളായ ആർ. സുരേഷ്, എം. ഹംസ, നൂർജഹാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. അനീഷ്, ഭാരവാഹികളായ കെ.പി. കൃഷ്ണൻ, എ.എ. അബ്ദുൾ ലത്തീഫ്, ബിബിൻ പ്രസംഗിച്ചു.
Tags : nattu vishesham Congress protests Mudappallur