ഹൈവേ നിർമാണത്തിന്റെ ഭാഗമായി കക്കാടംപൊയിലിൽ സ്ഥാപിച്ചിട്ടുള്ള ബോർഡ്
നിലമ്പൂര്‍: നിലമ്പൂര്‍-നായാടംപൊയില്‍ മലയോര ഹൈവേയുടെ രണ്ടാം റീച്ച് നിര്‍മാണം മെല്ലെപ്പോക്ക് കാരണം ജനങ്ങള്‍ക്ക് യാത്രാദുരിതം.
മൂലേപ്പാടം മുതല്‍ നായാടംപൊയില്‍ വരെയുള്ള 14 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണമാണ് മന്ദഗതിയിലായത്. റോഡ് പൂര്‍ണമായി തകര്‍ന്നു കിടക്കുന്നത് ഈ പാതയില്‍ അപകട സാധ്യതയും വര്‍ധിപ്പിക്കുകയാണ്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ 74 കോടി രൂപ ചെലവിലാണ് റോഡ് നിര്‍മാണം.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് കരാര്‍ ചുമതല. എന്നാല്‍ വിരലില്‍ എണ്ണാവുന്ന തൊഴിലാളികളെ മാത്രം വച്ചാണ് കോടികളുടെ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. 2027 മാര്‍ച്ച് 31-നകം പൂര്‍ത്തിയാക്കേണ്ട പ്രവൃത്തി ഈ സ്ഥിതിയിലാണെങ്കില്‍ 2029- ആയാലും തീരില്ലെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
അപകടങ്ങളില്‍ വര്‍ധനവ്
ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ നിലവിലെ പൊട്ടിപൊളിഞ്ഞ റോഡ് നന്നാക്കാനും അധികൃതര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ഞായറാഴ്ച റോഡരികില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചാണ് എടക്കര നാരേക്കാവ് സ്വദേശി ഷെറിന് മരിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മേഖലയില്‍ സര്‍വീസ് നടത്തുന്ന ഏക കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ടൂറിസം മേഖലയ്ക്ക് തിരിച്ചടി
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ വാളംതോട്, നായാടംപൊയില്‍ ഭാഗങ്ങളിലേക്ക് വലിയ വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയാത്ത അവസ്ഥയാണ്.
കക്കാടംപൊയിലില്‍ നിന്ന് ഈ ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ കടന്നുപോകരുതെന്ന മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഇത് മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമായ കക്കാടംപൊയിലിന്റെ വികസനത്തെയും ബാധിക്കുന്നു.
ഒന്‍പത് ആദിവാസി കോളനികളിലെ കുടുംബങ്ങളും 500-ലേറെ കര്‍ഷക കുടുംബങ്ങളും ആയിരക്കണക്കിന് വിനോദസഞ്ചാരികളും ദിനംപ്രതി ആശ്രയിക്കുന്ന റോഡാണിത്.
മന്ത്രി പി.കെ. ബഷീര്‍ മുന്‍കൈയ്യെടുത്ത് മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രധാന പദ്ധതിയുടെ പ്രവൃത്തി ഇഴയുന്നതില്‍ നാട്ടുകാരില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, മൈലാടിപാലം മുതല്‍ മൂലേപാടം വരെയുള്ള ഒന്നാം റീച്ചിന്റെ നിര്‍മാണം നിലവില്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.
Tags : District News Nattuvishesham Nilambur-Nayadampoyil Hill Highway