പ്രതീകാത്മക ചിത്രം
കോട്ടയം: പൈനാപ്പിളിനു വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്കിക്കൊണ്ടിരുന്ന പ്രത്യേക വായ്പ നിര്‍ത്തലാക്കിയതും കര്‍ഷകര്‍ക്കു വലിയ തിരിച്ചടിയായി. ജില്ലയില്‍ ഏക്കറുകണക്കിനു സ്ഥലത്താണ് പൈനാപ്പിള്‍ വലിയ തോതില്‍ കൃഷി ചെയ്യുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വേനല്‍ക്കാലത്ത് അനുഭവപ്പെട്ട കടുത്ത ചൂടും വിലയിടിവും കര്‍ഷകര്‍ക്കു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
മണ്‍സൂണ്‍ കാലത്തെ വിളവെടുപ്പ് സമയത്താണ് അടുത്ത പ്രശ്നമുണ്ടായിരിക്കുന്നത്. ഡിമാന്‍ഡ് കുറഞ്ഞതും കടുത്ത മഴയില്‍ കൈതച്ചക്കകള്‍ നശിക്കുന്നതുമാണ് പുതിയ പ്രതിസന്ധി. പാകമായ പഴങ്ങള്‍ വൈകാതെ വിളവെടുക്കേണ്ട സാഹചര്യമാണ്. വൈകിയാല്‍ പഴങ്ങള്‍ അമിതമായി പഴുത്ത് ഗുണനിലവാരം നഷ്ടപ്പെട്ടു പ്രാദേശിക വിപണിയില്‍ വില ലഭിക്കാതാകും. നിലവില്‍ ഒന്നാം ഗ്രേഡ് പച്ച പൈനാപ്പിളിനു കിലോഗ്രാമിനു 43 രൂപ വരെ ലഭിക്കുമെങ്കിലും ആവശ്യത്തിന് ഡിമാന്‍ഡ് ഇല്ലാത്തതിനാല്‍ കിലോഗ്രാമിന് 22 മുതല്‍ 24 രൂപ വരെ മാത്രമാണു കര്‍ഷകനു ലഭിക്കുന്നത്.
മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാന്‍ കുറഞ്ഞത് 40 രൂപയെങ്കിലും കിലോഗ്രാമിനു ലഭിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം. മഴ കുറഞ്ഞതിനാല്‍ പഴങ്ങളുടെ തൂക്കവും കുറവായിരുന്നു. കാട്ടുപന്നി, മുള്ളന്‍പന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണവും വിവിധ രോഗങ്ങളും ഉത്പാദനം കുറയാന്‍ കാരണമായി. വളത്തിന്റെ വില വര്‍ധിച്ചതും തൊഴിലാളികളുടെ കൂലി ഉയര്‍ന്നതും കൃഷിച്ചെലവ് വര്‍ധിപ്പിച്ചു.
ഇതിനു പുറമെയാണ് എസ്ബിഐ പൈനാപ്പിള്‍ കൃഷിക്ക് പ്രത്യേകമായി നല്‍കിയിരുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ നിര്‍ത്തലാക്കിയത്. ഇതു വന്‍ തുക ലോണ്‍ എടുത്ത് ഏക്കറുകണക്കിനു കൃഷിയിറക്കിവര്ക്കു തിരിച്ചടിയായി. ഈ പദ്ധതി അനുസരിച്ചു മൂന്നുമുതല്‍ മൂന്നര വര്‍ഷം ലഭിച്ചിരുന്ന വായ്പ കാലപരിധി കഴിയുമ്പോള്‍ പലിശയടച്ചു പുതുക്കാമായിരുന്നു. ഇനിമുല്‍ വായ്പാ കാലാവധി കഴിയുമ്പോള്‍ മുഴുവന്‍ തുകയും ഒരുമിച്ചടച്ചശേഷം പുതിയ അപേക്ഷ നല്‍കണം.
പലിശയും കൂടും. വില കൂടുമ്പോള്‍ ലഭിക്കുന്ന തുകയില്‍നിന്നാണ് ബാങ്കുവായ്പ തിരിച്ചടവ്, പാട്ടത്തുക എന്നിവ കര്‍ഷകര്‍ നല്കിക്കൊണ്ടിരുന്നത്. ലോണ്‍ തുക ഒരുമിച്ചടയ്ക്കേണ്ടി വരുന്നതു കര്‍ഷകര്‍ക്കു ബുദ്ധിമുട്ടാകും.
അടിയന്തരമായ കീടനിയന്ത്രണത്തിനും വളങ്ങളുടെ വില കുറയ്ക്കാനും സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന് പൈനാപ്പിള്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Tags : Nattuvishesham Local News pineapples Farmers in crisis