പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പുന്നപ്ര കാർമൽ എൻജിനിയറിംഗ് കോളജിൽ സംഘടിപ്പിച്ച ജില്ലാതല ആശയരൂപീകരണ യോഗം മന്ത്രി എം. ലിജു ഉദ്
ആലപ്പുഴ: ജില്ലയുടെ അവിഭാജ്യ മേഖലയായ കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രളയ സാധ്യത കുറയ്ക്കാൻ ജലനിർഗമനമാർഗങ്ങൾ മെച്ചപ്പെടുത്തണമെന്ന് മന്ത്രി എം. ലിജു. സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പുന്നപ്ര കാർമൽ എൻജിനിയറിംഗ് കോളജിൽ സംഘടിപ്പിച്ച ജില്ലാതല ആശയരൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടണം. തോട്ടപ്പള്ളി സ്പിൽവേയുടെ നവീകരണം ആവശ്യമാണ്. പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ ഉൾനാടൻ കനാലുകൾ, ജലസ്രോതസുകൾ എന്നിവ മെച്ചപ്പെടുത്തി ഉൾനാടൻ ജലഗതാഗതം വികസിപ്പിക്കണം. ഇതിനായി പദ്ധതി രൂപീകരിച്ച് പണമനുവദിക്കണം. അരൂർ മുതൽ കായംകുളം വരെ വിസ്തൃതമായ 82 കിലോമീറ്റർ നീളമുള്ള തീരദേശം തുറമുഖ വികസനത്തിന് മുതൽക്കൂട്ടാകും.
തീരദേശ മേഖലയുടെ ഭൗതിക വികസനത്തിനൊപ്പം അവിടത്തെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തണം. തീരദേശ ജനതയുടെ അരക്ഷിതാവസ്ഥ പരിഹരിക്കാൻ തൊഴിൽ-സാമൂഹിക-വരുമാന സുരക്ഷിതത്വം ഉറപ്പാക്കണം.
കുട്ടനാടിന്റെ കാർഷിക അന്തരീക്ഷം മെച്ചപ്പെടുത്താൻ ആധുനിക കൃഷിരീതികൾ നടപ്പാക്കണം. പ്രളയകാലത്ത് ബണ്ടുകൾ തകരുന്നത് പ്രതിരോധിക്കാൻ സംവിധാനങ്ങൾ ഒരുക്കണം. പാടശേഖര സംരക്ഷണത്തിന് കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം. കുട്ടനാട് പാക്കേജ് പരിഷ്കരിക്കാൻ നടപടി സ്വീകരിക്കണം. ജില്ലയുടെ തനതായ വിനോദസഞ്ചാര സാധ്യതകൾ വിപുലീകരിക്കണം. ഒപ്പം പരിസ്ഥിതി സൗഹൃദ ഉത്തരവാദിത്ത വിനോദസഞ്ചാര പദ്ധതികളും പ്രോത്സാഹിപ്പിക്കണം. ജില്ലയുടെ തനതായ ഗ്രാമീണ കാർഷിക സംസ്കാരത്തെയും കലാരൂപങ്ങളെയും വിനോദസഞ്ചാരത്തിലൂടെ ലോകത്തിന് സമയബന്ധിതമായി റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സമുദ്ര-മത്സ്യബന്ധന മേഖലയ്ക്ക് ഉണർവ് നൽകുന്ന ബ്ലൂ ഇക്കോണോമിയുടെ ആസ്ഥാനമായി ആലപ്പുഴ മാറുമെന്ന് ചടങ്ങിൽ അധ്യക്ഷയായ നിയമസഭാ ഡെപ്യൂട്ടി സ്പീക്ക ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങൾക്ക് വളർച്ച ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും പ്രവാസികളെയും പ്രാദേശിക സംരംഭകരേയും ഉൾപ്പെടുത്തി തദ്ദേസ്ഥാപന തലത്തിൽ നിക്ഷേപ സംഗമങ്ങൾ നടത്തണമെന്നും ആമുഖ പ്രഭാഷണം നടത്തിയ സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ പറഞ്ഞു.
പ്രധാന നിർദേശങ്ങൾ
തുടർന്ന് ജില്ലയുടെ വിവിധ വികസന വിഷയങ്ങൾ സംബന്ധിച്ച ചർച്ചയിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ പ്രസംഗിച്ചു. കുട്ടനാട്ടിൽ പാടശേഖരങ്ങളിൽ പ്രളയാനന്തരം അടിഞ്ഞുകൂടിയ എക്കലും ചെളിയും മാറ്റണം, തോട്ടപ്പള്ളി സ്പിവേയുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കണം, തണ്ണീർമുക്കത്ത് ഷട്ടറുകൾ അടയ്ക്കാനും തുറക്കാനും ആധുനിക സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം, കുടുംബശ്രീ മാതൃകയിൽ യുവ കേരളം മിഷൻ രൂപീകരിക്കണം, ഫിഷറീസ് മേഖലയുടെ വികസനത്തിന് പ്രത്യേക സബ് പ്ലാൻ, മത്സ്യബന്ധന മേഖലയിലുള്ളവർക്ക് നൈപുണ്യ പരിശീലനം, പൊഴികൾ ശുചീകരിച്ച് അവയെ വെള്ളക്കെട്ട് പരിഹരിക്കാനും കാർഷിക സംരക്ഷണത്തിനും പ്രയോജനപ്പെടുത്തണം, കയർ ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണനം സാധ്യമാക്കണം, കുട്ടനാട് കേന്ദ്രീകരിച്ച് റൈസ് പ്രോസസിംഗ് ക്ലസ്റ്റർ രൂപീകരിക്കണം, വനിതാ സംരംഭകർക്ക് ഇൻക്യൂബേഷൻ കേന്ദ്രം, മിനി ഐടി പാർക്ക്, എഐ അധിഷ്ഠിത ചെറുവ്യവസായങ്ങൾ ആരംഭിക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, ജല്ലാ കളക്ടർ ഷാജി വി. നായർ, ആസൂത്രണ ബോർഡ് അംഗങ്ങളായ ജി. വിജയരാഘവൻ, പി.പി. ബാലൻ, വരുൺ സന്തോഷ്, ശ്രീധർ രാധാകൃഷ്ണൻ, പെർസ്പെക്റ്റീവ് പ്ലാനിംഗ് ഓഫീസർ എം. ഹുസൈൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : Drainage systems NattuVishesham DistrictNews