ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
കല്‍പ്പറ്റ: ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരു വര്‍ഷം നീണ്ട ജൂബിലി ആഘോഷം നാളെ 22ന് സമാപിക്കുമെന്ന് മാനേജര്‍ ഫാ.ജേക്കബ് കുമ്മിണിയില്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഒ. ബീന, എസ്എംസി ചെയര്മാന് ഡോണി കുര്യന്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ അജീഷ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10.30ന് കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ഫാ.ജേക്കബ് കുമ്മിണിയില്‍ അധ്യക്ഷത വഹിക്കും. മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം അനുഗ്രഹപ്രഭാഷണവും ജെസ്യൂട്ട് പ്രൊവിന്‍ഷ്യല്‍ ഫാ. ഹെന്റി പട്ടരുമഠത്തില്‍ മുഖ്യപ്രഭാഷണവും നടത്തും. നിര്‍ധന കുടുംബാംഗമായ വിദ്യാര്‍ഥിക്ക് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അരിഞ്ചേര്‍മലയില്‍ 11 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ദാനം ഉഷ വിജയന് എംഎല്‍എ നിര്‍വഹിക്കും.
പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് മേഖല ഹയര്‍ സെക്കന്‍ഡറി ഉപമേധാവി എസ്. സുധ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, പിടിഎ പ്രസിഡന്റ് എ.ഇ. ഗിരീഷ്, ജൂബിലി കമ്മിറ്റി ചെയര്മാന് ഫാ.ബിജു ജോര്‍ജ്, എസ്എംസി ചെയര്മാന് ഡോണി കുര്യന്, പൂര്‍വാധ്യാപകന്‍ ഉണ്ണികൃഷ്ണന്, സാംസ്കാരിക പ്രവര്ത്തകന് ഏച്ചോം ഗോപി, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഒ. ബീന, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെസി പോള്‍ എന്നിവര്‍ പ്രസംഗിക്കും.
പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സ്കൂളില്‍ മൂന്നര ലക്ഷത്തോളം രൂപ ചെലവില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് യൂണിറ്റ് ആരംഭിച്ചു. പൂര്‍വ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംഗമം നടത്തി. ഗോത്ര വിദ്യാര്‍ഥി ഫെസ്റ്റും കുട്ടികളുടെ നൈപുണി വികസനത്തിന് സെമിനാറുകളും മോട്ടിവേഷന്‍ ക്ലാസുകളും സംഘടിപ്പിച്ചു. പ്രൈമറി വിഭാഗത്തിനുള്ള പുതിയ കെട്ടിടനിര്‍മാണം, ഉച്ചഭക്ഷണശാലയുടെ നവീകരണം എന്നിവ നടന്നുവരികയാണ്.
ഗാന്ധിയന്‍ എന്‍.കെ. കുഞ്ഞികൃഷ്ണന്‍നായരുടെ നേതൃത്വത്തില്‍ 1951ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് വിദ്യാലയം. 1960ല്‍ യുപിയായും 1982ല്‍ ഹൈസ്കൂളായും 2010ല്‍ ഹയര്‍ സെക്കന്‍ഡറിയായും ഉയര്‍ത്തി. നിലവില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ 1500 ഓളം പഠിതാക്കളുണ്ട്. 1990ലാണ് ജെസ്യൂട്ട് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ഓഫ് വയനാട് വിദ്യാലയം ഏറ്റെടുത്തത്.
Tags : Nattuvishesham DistrictNews DeepikaNews Platinum Jubilee