നെടുമങ്ങാട് : ആര്യനാട്ടും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. പുലർച്ചെ ജോലിക്കിറങ്ങിയവരും പ്രഭാതസവാരിക്കാരുമടക്കം എട്ടു പേരെയാണ് കഴിഞ്ഞ ദിവസം തെരുവുനായ അതിക്രൂരമായി ആക്രമിച്ചു പരുക്കേൽപ്പിച്ചത്. പ്രദേശത്ത് ജനങ്ങൾ പുറത്തിറങ്ങാൻ പോലും ഭയക്കുന്ന രീതിയിലാണ് ഭീതി പടർന്നിരിക്കുന്നത്.
ആര്യനാട് കെഎസ്ആർടിസിഡിപ്പോയിലെ കണ്ടക്ടറായ കോട്ടയ്ക്കകം സ്വദേശി ജി.എസ്. സുഭാഷിനാണ് ആദ്യം കടിയേറ്റത്. മീനാങ്കൽ - കോട്ടയം ഫാസ്റ്റ് പാസഞ്ചർ ബസ് ഡിപ്പോയിൽ എത്തിയ സമയത്താണ് നായ ഇദ്ദേഹത്തിന് നേരെ പാഞ്ഞടുത്തത്. സുഭാഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന പൊട്ടൻതല സ്വദേശിയായ യുവാവിനും നായയുടെ കടിയേറ്റു.
ആര്യനാട് കാഞ്ഞിരംമൂട് ജം ഗ്ഷനിൽ പ്രഭാതസവാരിക്കായെത്തിയ ആര്യനാട് സ്വദേശികളായ ജയചന്ദ്രൻ നായർ (62), ഗോപാലകൃഷ്ണൻ നായർ (71), പുഷ്കരൻ (67), ഭൂവനചന്ദ്രൻ (67) എന്നിവർക്കാണ് കടിയേറ്റത്. ഇവർക്കു പുറമെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയും നായ ആക്രമിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ എട്ടുപേരെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അടിയന്തര ചികിത്സതേടി പ്രതിരോധ കുത്തിവയ്പുകളെടുത്തു.
മേഖലയിൽ ഇത് ആദ്യമായല്ല തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്. ഒരാഴ്ച മുൻപ് ആര്യനാട് ഗവൺമെന്റ് ആശുപത്രിക്കു സമീപം ആംബുലൻസ് ഡ്രൈവർക്കും മൂന്നു രോഗികൾക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നിരവധി പേർ ഇരയായതോടെ പ്രദേശവാസികൾ കടുത്ത രോഷത്തിലാണ്.
പഞ്ചായത്തിലെ പ്രധാന ജംക്ഷനുകളിലും ബസ് സ്റ്റാൻഡ് പരിസരത്തും കാൽനടയാത്രക്കാർക്കു വഴിനടക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. സ്കൂൾ കുട്ടികളും വയോധികരുമാണ് ഏറെ ഭീതിയിലായിരിക്കുന്നത്. ഇതിനിടെ ആക്രമണകാരികളായ നായകളെ പിടികൂടാൻ പഞ്ചായത്ത് നടപടി അസരംഭിച്ചു.
Tags : eight people bitten. Nattuvishesham DistrictNews DeepikaNews