പ്രതീകാത്മക ചിത്രം
ദേശീയ–അന്തർദേശീയ പ്രതിഭകളെ വാർത്തെടുത്ത നെടുങ്കണ്ടം സ്പോർട്സ് ഹോസ്റ്റൽ ദുരിതത്തിൽ
34 കുട്ടികൾ വാടകക്കെട്ടിടത്തിൽ; കിടക്കയില്ല, പഠനമുറിയില്ല, ഉപകരണങ്ങൾ നശിക്കുന്നു
നെടുങ്കണ്ടം: ദേശീയ, അന്തർദേശീയ തലങ്ങളിൽ മികവ് തെളിയിച്ച കായിക താരങ്ങളെ വാർത്തെടുത്ത നെടുങ്കണ്ടം സ്പോർട്സ് ഹോസ്റ്റൽ ഇന്ന് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ നട്ടംതിരിയുകയാണ്. സ്വന്തമായി കെട്ടിടം നിർമിക്കാൻ സർക്കാർ അനുവദിച്ച അഞ്ചു കോടി രൂപ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രയോജനപ്പെടുത്താനായില്ല. റവന്യു വകുപ്പ് സ്ഥലം അനുവദിക്കുകയും നിർമാണത്തിനായി തുക വകയിരുത്തുകയും ചെയ്തിട്ടും മൺപണി പോലും ആരംഭിച്ചിട്ടില്ല. ഇതിനിടെ 34 കായികതാരങ്ങൾ മൂന്നു വർഷമായി വാടകക്കെട്ടിടത്തിലെ പരിമിത സൗകര്യങ്ങളിലാണ് താമസിക്കുന്നത്.
കായിക പ്രതിഭകളെ വളർത്തിയെടുക്കേണ്ട സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥ വിശ്വസിക്കാൻപോലും കഴിയാത്തതാണ്. ഇളകുന്ന കട്ടിലുകളും തുരുമ്പിച്ച മേശകളും ആവശ്യത്തിന് ബഡുകൾ പോലുമില്ലാത്ത താമസസൗകര്യവും വൃത്തിഹീനമായ പരിസരവും കുട്ടികളുടെ ജീവിതത്തെ ദുരിതത്തിലാക്കുകയാണ്. ഹോസ്റ്റലിലേക്കുള്ള നടപ്പാത കാടുപിടിച്ചുകിടക്കുകയാണ്. കാലിത്തൊഴുത്തിനു സമാനമായ പരിസരവും അസഹനീയമായ ദുർഗന്ധവുമാണ് പരിസരങ്ങളിൽ.
മെഡലുകൾ പോലും ചാക്കിൽ; ഉപകരണങ്ങൾ നശിക്കുന്നു
ജൂഡോ, അത്ലറ്റിക്സ് തുടങ്ങിയ ഇനങ്ങളിലാണ് നിലവിൽ പരിശീലനം. നേരത്തേ ആർച്ചറിയിലും പരിശീലനം നൽകിയിരുന്നു. എന്നാൽ, പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങളിൽ പലതും ഉപയോഗശൂന്യമായി നശിച്ച നിലയിലാണ്. താരങ്ങൾ നേടിയ മെഡലുകൾപോലും സൂക്ഷിക്കാൻ സംവിധാനമില്ലാതെ ചാക്കിൽ കെട്ടിവച്ചിരിക്കുകയാണ്.
കുട്ടികൾക്ക് പഠിക്കാനും സൗകര്യമില്ല. പ്രത്യേക പഠനമുറിയോ ഓഫിസ് മുറിയോ ഹോസ്റ്റലിലില്ല. പരിശീലനവും പഠനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകേണ്ട കുട്ടികൾക്ക് ആവശ്യമായ അന്തരീക്ഷം ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെടുകയാണ്.
വാടകയിനത്തിൽ 7.80 ലക്ഷം കുടിശിക
മൂന്നു വർഷമായി വാടകക്കെട്ടിടത്തിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. വാടക ഇനത്തിൽ മാത്രം 7.80 ലക്ഷം രൂപ നൽകാനുണ്ട്. സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാകാതെ തുടരുമ്പോഴാണ് വാടക കുടിശികയും വർധിക്കുന്നത്. കുട്ടികൾക്കു നൽകുന്ന ഭക്ഷണത്തെക്കുറിച്ചും പരാതിയുണ്ട്. നിശ്ചയിച്ച മെനു പ്രകാരം ഭക്ഷണം നൽകുന്നില്ലെന്നും ഭക്ഷണത്തിന്റെ നിലവാരം തൃപ്തികരമല്ലെന്നും ആരോപണമുണ്ട്. കായിക പരിശീലനം നടത്തുന്ന കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം ഉറപ്പാക്കേണ്ട സാഹചര്യത്തിലാണ് ഈ വീഴ്ച.
2010ൽ മികച്ച സൗകര്യങ്ങളോടെ തുടക്കം
2010ലാണ് നെടുങ്കണ്ടത്തിൽ സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചത്. പഞ്ചായത്തിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭിച്ചിരുന്നു.
പിന്നീട് കെട്ടിടം യൂണിവേഴ്സിറ്റിക്കും ബിഎഡ് കോളജിനുമായി വിട്ടുനൽകിയതോടെയാണ് ഹോസ്റ്റൽ വാടകക്കെട്ടിടത്തിലേക്ക് മാറേണ്ടിവന്നത്.
സ്വന്തം കെട്ടിടത്തിനായി റവന്യു വകുപ്പ് സ്ഥലം നൽകിയിട്ടും നിർമാണം യാഥാർഥ്യമായില്ല.
നാലു വർഷം മുമ്പ് സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചിട്ടും നിർമാണത്തിന്റെ പ്രാരംഭ നടപടികൾപോലും പൂർത്തിയായിട്ടില്ല.
മികച്ച സ്റ്റേഡിയം; മോശം ഹോസ്റ്റൽ
നെടുങ്കണ്ടത്ത് സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയവും ഇൻഡോർ സ്റ്റേഡിയവും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. എന്നാൽ ഇതേ സ്ഥലത്തെ കായികതാരങ്ങളുടെ താമസകേന്ദ്രം അടിസ്ഥാന സൗകര്യങ്ങളില്ലാതെ തുടരുകയാണ്.
പരിമിതികൾക്കിടയിലും ദേശീയ–അന്തർദേശീയ തലത്തിൽ നേട്ടങ്ങൾ കൈവരിച്ച താരങ്ങളെ വളർത്തിയെടുത്ത സ്ഥാപനമാണ് നെടുങ്കണ്ടം സ്പോർട്സ് ഹോസ്റ്റൽ.
അഞ്ചുകോടി രൂപ അനുവദിച്ചിട്ടും കെട്ടിടനിർമാണം തുടങ്ങാത്തതിന്റെ കാരണം എന്ത്, അനുവദിച്ച തുകയുടെ നിലവിലെ സ്ഥിതി എന്ത്, റവന്യു വകുപ്പ് നൽകിയ സ്ഥലം എവിടെയാണ്, നിർമാണം വൈകുന്നതിന് ഉത്തരവാദികൾ ആര് തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
കായികതാരങ്ങളുടെ ഭാവി തുലാസിലാകുന്നതിനു മുമ്പ് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും നിലവിലെ ഹോസ്റ്റലിൽ സുരക്ഷിതവും വൃത്തിയുള്ളതുമായ താമസം, പോഷകാഹാരം, പഠനസൗകര്യം, പരിശീലന ഉപകരണങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും ആവശ്യമുയരുന്നു.