ചേർപ്പ് ചന്തയ്ക്കു മുന്നിലെ കടകൾ ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരേ വ്യാപാരികൾ പ്രതിഷേധിക്കുന്നു.
ചേർപ്പ്: ചന്ത നവീകരണത്തിന്റെ ഭാഗമായി വ്യാപാരികളെ ഒഴിപ്പിക്കുന്ന നടപടികൾ തുടങ്ങി. ഇന്നലെ രണ്ടു കടകൾ പൂട്ടി സീൽ ചെയ്തു. സംഭവത്തിൽ പഞ്ചായത്ത് ഭരണസമിതിക്കെതിരേ കടുത്ത പ്രതിഷേധവുമായി വ്യാ പാരികൾ രംഗത്തെത്തി.
ബലമായി കടകൾ ഒഴിപ്പിക്കാൻ എത്തിയ പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ച ചേർപ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് കെ.കെ. ഭാഗ്യനാഥൻ, ജനറൽ സെക്രട്ടറി പി. അരുൺ, യൂത്ത് വിംഗ് പ്രസിഡന്റ് കെ.ജി. രതീഷ്, ചന്തയിലെ തുണിക്കടയുടമ സത്യൻ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. പിന്നിട് ഇവരെ ജാമ്യത്തിൽ വിട്ടു.
കട ഒഴിയാൻ തയാറാകാതിരുന്ന ചന്തയ്ക്കു മുൻവശത്ത് അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുന്ന ചേർപ്പ് തളിക്കുളം വീട്ടിൽ റോബിൻസൺ പൊലിസ് ബലം പ്രയോഗിച്ച് നീക്കുന്നതിനിടയിൽ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ പൊലിസ് ജീപ്പിൽ ചേർപ്പ് സർക്കാർ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ്, ഭരണസമിതി അംഗങ്ങൾ, സെക്രട്ടറിയടക്കമുള്ള ഉദ്യേഗസ്ഥർ എന്നിവർ പൊലിസിന്റെ സാന്നിധ്യത്തിൽ ചന്തയിലെത്തി മുന്നിലെ കടയുടമകളോട് ഒഴിയാൻ നിർദേശം നൽകിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പഞ്ചായത്തിനെതിരേ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം. തുടർന്ന് വ്യാപാരികളെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വ്യാപാരസ്ഥാപനങ്ങളിലെ വസ്തുക്കൾ അധികൃതർ ചന്തയിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലെ മുറികളിലേക്ക് മാറ്റി. ചന്തയ്ക്കു മുന്നിലെ കടകൾ പഞ്ചായത്ത് ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും ചേർന്ന് പൊലിസിന്റെ സാന്നിധ്യത്തിൽ പൂട്ടി സീൽ ചെയ്തു.
അറസ്റ്റിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടകൾ അടച്ചിട്ടു. പൊലിസ് സ്റ്റേഷനു മുന്നിൽ സമരവും നടത്തി.
ഹൈക്കോടതിയിൽ മറ്റു വ്യാപാരസ്ഥാപന ഉടമകൾ നൽകിയ കേസ് നിലനിൽക്കുന്നതിനാൽ 19നു ശേഷമേ തുടർനടപടികൾ ആരംഭിക്കൂ.