മലയോരത്ത് കശുവണ്ടി തോട്ടങ്ങളിൽ പൂവ് കരിച്ചിൽ രൂക്ഷമായ കാഴ്ച.
പയ്യാവൂർ: മലയോരത്ത് കശുവണ്ടി സീസൺ ആരംഭിക്കാനിരിക്കെ കശുവണ്ടി തോട്ടങ്ങളിൽ പൂവ് കരിച്ചിൽ രൂക്ഷം. തേയില കൊതുകുകളുടെ ശല്യം കാരണം ഇത്തവണയും കർഷകരുടെ പ്രതീക്ഷകൾ നശിക്കുന്ന സ്ഥിതിയാണ്. സാധാരണയായി ജനുവരി അവസാനവാരത്തോടെ വിപണി സജീവമാകുന്ന മലയോര മേഖലയിൽ കശുമാവുകൾ പൂവിട്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും തേയില കൊതുകുകളുടെ ശല്യവും നിമിത്തം പൂക്കൾ കരിയുന്ന കാഴ്ചയാണ് എങ്ങും. കഴിഞ്ഞ ഏതാനും വർഷമായി ആ അവസ്ഥയാണുള്ളത്.
ജില്ലയിലെ പ്രധാന കശുവണ്ടി വിപണന സംഭരണ കേന്ദ്രങ്ങളായ ഇരിക്കൂർ, ഉളിക്കൽ, ശ്രീകണ്ഠപുരം, പയ്യാവൂർ, ആലക്കോട് പ്രദേശങ്ങളിൽ നിന്ന് മുൻകാലങ്ങളിൽ ജനുവരി രണ്ടാംവാരം പ്രതിദിനം നൂറോളം ലോഡ് കശുവണ്ടി കയറ്റിപ്പോകാറുണ്ടായിരുന്നു. ഇക്കുറി ഇതു വളരെ കുറവാകാനാണ് സാധ്യത. ഉത്പാദനം കുറയുന്നത് കശുവണ്ടി സീസണിൽ പ്രതീക്ഷയർപ്പിച്ച കർഷകരെ വൻ പ്രതിസന്ധിയിലാക്കും.
ബാങ്കിൽ നിന്ന് വൻ തുക വായ്പയെടുത്ത് കശുവണ്ടി തോട്ടം പാട്ടത്തിനെടുത്ത കർഷകർ മലയോരത്തുണ്ട്. കഴിഞ്ഞവർഷം ആദ്യം കിലോയ്ക്ക് 120 രൂപ കശുവണ്ടിക്കുണ്ടായിരുന്നത് പിന്നീട് 90 രൂപയിലേക്ക് ഇടിഞ്ഞു. ഉത്പാദനക്കുറവിനൊപ്പം വിലയിടിവ് കൂടിയായതോടെ കർഷകർ ദുരിതത്തിലായി.
സാധാരണ മഴ പെയ്താൽ വില കുറയാറുണ്ടെങ്കിലും കഴിഞ്ഞ പ്രാവശ്യം ചാറ്റൽ മഴ പോലും ഇല്ലാതെയാണു വില കുറച്ചത്. പൂക്കൾ കണ്ട് പാട്ടത്തിനെടുത്ത കർണാടകയിലടക്കമുള്ള സംരംഭകരും ആശങ്കയിലാണ് ഇപ്പോൾ. ജില്ലയിലെ കശുവണ്ടിപ്പരിപ്പിന് അന്താരാഷ്ട്ര മാർക്കറ്റിൽ വൻ ഡിമാൻഡ് ഉണ്ടായിട്ടും വില സ്ഥിരതയും സംഭരണവും നടപ്പാക്കാൻ സർക്കാർ തയാറാകാത്തത് കർഷകരിൽ വൻ പ്രതിഷേധം ഉയർത്തിയിരുന്നു. കശുവണ്ടിയുടെ കാര്യത്തിൽ കൃഷിവകുപ്പ് കാണിക്കുന്ന താല്പര്യക്കുറവും വെല്ലുവിളിയാണ്.
ഇവിടെ ഉത്പാദിപ്പിക്കുന്ന കശുവണ്ടിക്ക് ആകർഷകമായ വില ഉറപ്പാക്കാൻ സർക്കാർ അലസത കാണിക്കുമ്പോൾ അയൽ സംസ്ഥാനക്കാർ മോഹവില നൽകി കശുവണ്ടി സംഭരിക്കുന്നതും കാലങ്ങളായി തുടരുന്ന പ്രവണതയാണ്.
കാലാവസ്ഥയുടെ പേര് പറഞ്ഞ് നാട്ടിൻപുറത്തെ കശുവണ്ടിക്ക് വിലയില്ലാതാക്കി മറ്റുള്ളവർക്ക് സംഭരിക്കാൻ അവസരമൊരുക്കുന്ന കാഴ്ചയാണ് മലയോരത്തുള്ളത്. അതിനാൽ സംഭരിച്ച കശുവണ്ടികൾ അയൽനാട്ടിലേക്ക് പോകുമ്പോൾ സർക്കാർ സംഭരണകേന്ദ്രങ്ങൾ കാഴ്ചക്കാരായി ഇരിക്കുന്നത് വർഷങ്ങളായി തുടരുകയാണ്.
Tags : hillsides nattuvishasham local news