തൃശൂർ: ആളില്ലാത്തതിനെ തുടർന്നു നിർത്തിവച്ച കെഎസ്ആർടിസി ഡബിൾ ഡെക്കർ സർവീസ് വീണ്ടും ആരംഭിച്ചു. സുവോളജിക്കൽ പാർക്കിലേക്കുള്ള സർവീസിനു പുറമേ, നഗരക്കാഴ്ചകൾ ആസ്വദിക്കാനും വിവാഹ ആവശ്യങ്ങൾക്കു ബുക്ക് ചെയ്യാനും ഇനിമുതൽ സൗകര്യം. 15 മുതലാണ് യാത്ര പുനരാരംഭിച്ചത്. കെഎസ്ആർടിസി ആപ്പിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
രാവിലെ എട്ടിനും ഉച്ചകഴിഞ്ഞ് മൂന്നിനുമാണു പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു സർവീസ്. മുകളിലത്തെ നിലയിൽ യാത്രചെയ്യാൻ 250 രൂപയും താഴത്തെ നിലയിൽ യാത്രചെയ്യാൻ 120 രൂപയുമാണ് നിരക്ക്. ഇതോടൊപ്പം നഗരത്തിൽനിന്ന് ശോഭാ സിറ്റിയിലേക്കും തിരിച്ചും യാത്ര ഏർപ്പെടുത്തി. വൈകിട്ട് 5.30, 7.30, രാത്രി 9.15 എന്നീ സമയങ്ങളിലാണ് ഈ സർവീസുകൾ.
നഗരയാത്രയിൽ മുകളിലത്തെ നിലയ്ക്ക് 200 രൂപയും താഴത്തെ നിലയ്ക്ക് 100 രൂപയുമാണ് നിരക്ക്. ആകെ 64 സീറ്റുകളുള്ള ബസിൽ 36 സീറ്റുകൾ മുകളിലത്തെ നിലയിലാണ്. സംഘങ്ങളായി യാത്രചെയ്യാനും ബസ് വാടകയ്ക്ക് ലഭിക്കും. വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും ബസ് ഉപയോഗിക്കാം. യാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന റൂട്ട് ബസിന് അനുയോജ്യമാകണം.
ബുക്ക് ചെയ്യാത്തവർക്ക് വഴിയിൽനിന്ന് കയറി ടിക്കറ്റെടുക്കാം. യാത്രകൾ പരമാവധി വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണങ്ങൾ.
Tags :