പ്രതികളായ ഷാഹിനും അഭിജിത്ത് മൂസയും.
വണ്ടിപ്പെരിയാര്‍: വ്യാപാര സ്ഥാപനത്തില്‍നിന്ന് ഏലക്ക വാങ്ങിയ ശേഷം ഗൂഗിള്‍ പേ വഴി പണം നല്‍കിയെന്ന് കാണിച്ച് തട്ടിപ്പ് നടത്തി വ്യാപാരിയെ കബളിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഹിന്‍(21), അഭിത്ത് മൂസ (42) എന്നിവരാണ് പിടിയിലായത്.
ഏലക്കയുടെ വിലയായ 15,750 രൂപ ഗൂഗിള്‍പേ വഴി നല്കിയെന്നു കാട്ടിയാണ് തട്ടിപ്പ് നടത്തിയത്.ബുധനാഴ്ച വൈകുന്നേരം 5.30നാണ് സംഭവം. വണ്ടിപ്പെരിയാര്‍ മുബാറക്ക് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന നാസ്കോ മലഞ്ചരക്ക് വ്യാപാരിയില്‍നിന്ന് അഞ്ചുകിലോ ഏലക്ക ബുള്ളറ്റിലെത്തിയ പ്രതികള്‍ വാങ്ങി. ഗൂഗിള്‍ പേയിലൂടെ പൈസ നല്‍കിയതായി മൊബൈലില്‍ മെസേജും കാണിച്ചു. പിന്നീട് വ്യാപാരി അക്കൗണ്ട് ചെക്ക് ചെയ്തപ്പോള്‍ പണം ലഭിച്ചിട്ടില്ലെന്നു മനസിലായി. ഈ സമയം ഇവര്‍ ഏലക്കയുമായി ബുള്ളറ്റില്‍ കുമളിയിലേക്ക് കടന്നു കളഞ്ഞിരുന്നു.
തുടര്‍ന്ന് വ്യാപാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ കുമളിയില്‍നിന്നു ഡ്യൂട്ടി കഴിഞ്ഞ് വണ്ടിപ്പെരിയാറിലെ വീട്ടിലേക്ക് വരികയായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ മാരിയപ്പന് 66-ാം മൈലിനു സമീപം എത്തിയപ്പോള്‍ ബുള്ളറ്റില്‍ പോകുന്ന യുവാക്കളെ കാണുകയും ഇവരെ പിന്തുടര്ന്നെത്തി വണ്ടിപ്പെരിയാറിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.
പ്രതികളുടെ പേരില്‍ സമാനമായ മറ്റു കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. പെരിയാര്‍ എസ്എച്ച്ഒ ശ്രീലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Tags : Local News Nattuvishesham Google Pay Fraud Two Arrested