ഹരിത ഓണം ലോഗോ പ്രകാശനം റോയ് കെ. പൗലോസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
ഇടുക്കി: ഓണം മാലിന്യരഹിതമായി പ്രകൃതിക്ക് ദോഷം വരുത്താതെ ആഘോഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രതിജ്ഞയെടുക്കാം എന്ന ആഹ്വാനത്തോടെ ഹരിത ഓണം കാമ്പയിനുമായി ജില്ലാ ശുചിത്വ മിഷന്. ഇതിന്റെ ഭാഗമായി ഹരിത ഓണം ജില്ലാതല ലോഗോ പ്രകാശനം റോയ് കെ. പൗലോസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. ഓണാഘോഷവും അലങ്കാരങ്ങളും പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
നിരോധിത പ്ലാസ്റ്റിക്കുകള്‍, ഡിസ്പോസബിള്‍ ഗ്ലാസുകള്‍, പാത്രങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, കൊടിതോരണങ്ങള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ വാഴയില എന്നിവ പൂര്‍ണമായും ഒഴിവാക്കി സദ്യയും ഓണക്കളികളും മത്സരങ്ങളും മാലിന്യരഹിതമാക്കണം. മാലിന്യങ്ങളെ ഉറവിടത്തില്‍ത്തന്നെ തരംതിരിച്ച് അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയ സംസ്കരണത്തിന് കൈമാറണമെന്നും നിര്‍ദേശമുണ്ട്.
ജനങ്ങളും സന്നദ്ധ സംഘടനകളും ക്ലബ്ബുകളും സാംസ്കാരിക, സാമുദായിക സംഘടനകളും സ്ഥാപനങ്ങളും ഓണാഘോഷ പരിപാടികളില്‍ ഹരിതചട്ടം കര്‍ശനമായി പാലിച്ച് ഹരിത ഓണം കാമ്പയിന് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും എംഎല്‍എയും ജില്ലാ കളക്ടറും പറഞ്ഞു. ജില്ലാ ശുചിത്വ മിഷന് കോ- ഓര്‍ഡിനേറ്റര്‍ കെ.ആര്. ഭാഗ്യരാജ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് എന്നിവര്‍ പങ്കെടുത്തു.