ഇന്ന് കൊയ്ത്തുത്സവം നടക്കുന്ന കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിക്കോണം പാടശേഖരം.
നാട്ടിലാകെ ഉത്സവാന്തരീക്ഷം
നെയ്യാറ്റിന്‍കര : മൂന്നു പതിറ്റാണ്ടോളം തരിശായി കിടന്ന നെല്ലിക്കോണം പാടശേഖരത്ത് കൃഷി നെഞ്ചോട് ചേര്‍ത്ത ഒരു നാടിന്റെ അതിജീവനത്തിന്റെയും ജനകീയ കൂട്ടായ്മയുടെയും വിജയഗാഥയായി ഇന്ന് കൊയ്ത്തുത്സവം.
കുളത്തൂർ പഞ്ചായത്തിന്റെ നെല്ലറയെന്നു പുകള്‍പെറ്റ നെല്ലിക്കോണം പാടശേഖരത്തില്‍നിന്നും മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് കൃഷി അപ്രത്യക്ഷമായി. നെല്‍ക്കതിരുകള്‍ ഇളംകാറ്റിന്റെ തലോടലേറ്റ് മെല്ലെ തലയാട്ടി നിന്നിരുന്നയിടത്ത് കാട്ടുചെടികളും പാഴ്മരങ്ങളും നിറഞ്ഞു. ഇരുപത്തിയഞ്ച് ഏക്കറിലധികം വരുന്ന ഈ പാടശേഖരത്തിന് പുതുജീവന്‍ സമ്മാനിക്കാന്‍ നാട്ടിലെ കര്‍ഷകരും കുടുംബശ്രീ അംഗങ്ങളും സ്കൂള്‍ വിദ്യാര്‍ഥികളുമൊക്കെ മുന്നിട്ടിറങ്ങിയപ്പോള്‍ നെല്ലിക്കോണം പഴയ കാര്‍ഷിക പ്രതാപത്തിന്റെ നവീനമാതൃകയായി.
തരിശുഭൂമിയെ കൃഷിയോഗ്യമാക്കാനുള്ള അതിസാഹസികയജ്ഞത്തിന്റെ ഭാഗമായി ജെസിബി അടക്കമുള്ള ആധുനിക യന്ത്രസാമഗ്രികളുടെ ആദ്യഘട്ട ശുചീകരണം പൂര്‍ത്തിയാക്കി. മണ്ണ് കൃഷിക്ക് പാകമാക്കിയെടുക്കാൻ തമിഴ്നാട്ടിൽനിന്നും കൊണ്ടുവന്ന പ്രത്യേക കൃഷി യന്ത്രങ്ങൾ ഉപയോഗിച്ചു. പിന്നീട് ട്രാക്ടറുകൾ ഇറക്കി നിലം ഉഴുതുമറിച്ച്, ചെളി പാകപ്പെടുത്തി ഞാറ്റടികൾ തയാറാക്കി. ഒരേ മനസോടെ വിതച്ച വിത്തുകള്‍ മുളപൊട്ടി ഞാറായി വളര്‍ന്ന ഘട്ടങ്ങളിലെല്ലാം നാടിന്റെ ജനകീയ പങ്കാളിത്തം ബോധ്യപ്പെട്ടു. കര്‍ഷകര്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കുമൊപ്പം കുളത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഏഴ് മുതല്‍ പത്തു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളും കൃഷിയിറക്കി.
സ്കൂള്‍ കാര്‍ഷിക ക്ലബ് കണ്‍വീനറും അധ്യാപികയുമായ മിനിയുടെ നേതൃത്വത്തില്‍ ഒരേക്കറോളം സ്ഥലത്താണ് ഈ വിദ്യാര്‍ഥികള്‍ കൃഷി ചെയ്യുന്നത്. നെല്ലിക്കോണം പാടശേഖരം പുനർജനിക്കുമ്പോൾ കുളത്തൂരിന്റെ പരിസ്ഥിതിക്കും ജലസ്രോതസുകൾക്കും നൽകുന്ന സംഭാവന ചെറുതല്ലായെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. കൃഷി വകുപ്പിന്റെ കൃത്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരുടെയും അകമഴിഞ്ഞ പിന്തുണയും ഈ പദ്ധതിക്ക് കാവലായുണ്ട്.
നെല്ലിക്കോണം പാടശേഖരത്തിലെ നെല്‍കൃഷിയുടെ ഈ വീണ്ടെടുപ്പ് അക്ഷരാര്‍ഥത്തില്‍ ഒരു കാർഷിക വിപ്ലവമായി കുളത്തൂര്‍ ഗ്രാമം ഏറ്റെടു്തുകഴിഞ്ഞു. നെല്ലിക്കോണം പാടശേഖരത്തില്‍ വീണ്ടും നെല്മണികള് എന്ന പദ്ധതിയുടെ ഭാഗമായ കൊയ്ത്തുത്സവം ഇ്നു രാവിലെ 8.30 ന് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.
എന്‍. ശക്തന് എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സി.ആര്. പ്രാണകുമാര്‍, ഫ്രീഡാ സൈമണ്‍, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ജിനീഷ്, വൈസ് പ്രസിഡന്റ് ഫ്രിജിനി, ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, കുടുംബശ്രീ പ്രതിനിധികള്‍, സ്കൂള്‍ അധികൃതര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുക്കും.