കേളകം ഐടിസി റോഡിൽ വെങ്ങലാട്ട് ഉന്നതിക്ക് സമീപം പൂർണമായും തുരുമ്പെടുത്ത് റോഡിലേക്ക് പതിക്കാറായ സോളാർ പോസ്റ്റ്.
കേളകം: ഐടിസി റോഡിൽ വെങ്ങലാട്ട് ഉന്നതിക്ക് സമീപം സ്ഥാപിച്ച സോളാർ തെരുവ് വിളക്ക് അറ്റകുറ്റപ്പണിയില്ലാതെ തകർന്നു വീഴാറായ നിലയിൽ.
ലക്ഷങ്ങൾ മുടക്കി വർഷങ്ങൾക്ക് മുന്പ് സ്ഥാപിച്ച സോളാർ ലൈറ്റ് ഏതാനും ആഴ്ചകൾ മാത്രമാണ് വെളിച്ചം നൽകിയത്. നിലവിൽ തുരുമ്പെടുത്ത് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന പോസ്റ്റ് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.
കാൽനടയാത്രക്കാരും വാഹന ഡ്രൈവർമാരും ഭീതിയിലാണ് ഇതുവഴി കടന്നുപോകുന്നത്. കൃത്യമായ പരിപാലനം ഇല്ലാത്തതിനെത്തുടർന്ന് പഞ്ചായത്തിലെ ഭൂരിഭാഗം സോളാർ വിളക്കുകളും നശിച്ച മട്ടിലാണ്.
അപകടാവസ്ഥയിലായ പോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പൊതുമുതൽ നശിച്ചതിന് പുറമെ പ്രദേശവാസികളുടെ സുരക്ഷയ്ക്ക് ഭീഷണിയായ സോളാർ ലൈറ്റും പോസ്റ്റും അടിയന്തരമായി അഴിച്ചുമാറ്റാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : NattuVishesham DistrictNews