പത്തനംതിട്ട: മണ്ഡല, മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യശുചിത്വ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ്.
ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. കാർഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയർന്നതിനേ തുടർന്ന് ഇക്കൊല്ലം നടപടികൾ കർശനമാക്കാനും തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഹൈക്കോടതി ഇടപെടൽ കൂടി ഉണ്ടായതോടെ കാർഡുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാനാണ് നിർദേശം.
കഴിഞ്ഞയിടെ ആരോഗ്യവകുപ്പിന്റേതായി നൽകിയ വ്യാജ ഹെൽത്ത് കാർഡുകൾ പിടികൂടിയിരുന്നു. കാർഡ് വിതരണവുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരിയിൽ സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കാർഡ് നൽകുന്നതിനു മുന്‍പായി സർക്കാർ ഡോക്ടർ പരിശോധന നടത്തണം. ജീവനക്കാർക്ക് വാക്സിനേഷനും നിർബന്ധമാണ്. അതിഥി തൊഴിലാളികൾ തങ്ങളുടെ നാട്ടിലെ ആരോഗ്യ സർട്ടിഫിക്കറ്റുകളുമായാണ് ജോലിക്കെത്തുന്നത്. ആരോഗ്യവകുപ്പിലെ സർക്കുലർ പ്രകാരമല്ലാത്ത എല്ലാ സർട്ടഫിക്കറ്റുകളുടെയും സാധുത പരിശോധിക്കണം. തീർഥാടനകാലത്ത് കൃത്യമായ പരിശോധന നടത്തി ജീവനക്കാർക്ക് നിയമാനുസൃത ഹെൽത്ത് കാർഡ് ഉണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
ഹെൽത്ത് കാർഡ് നൽകുന്നതിനായി നേരത്തേ ഒരു മാഫിയ തന്നെ പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തൽ. ശബരിമലയിൽ ജോലിക്കായി എത്തുന്നവർക്ക് കാർഡ് സംഘടിപ്പിച്ചു നൽകുകയായിരുന്നു മാഫിയ ചെയ്തിരുന്നത്. സീതത്തോട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന റിട്ട. സർക്കാർ ഡോക്ടറുടെ സഹായത്തോടെയാണ് കാർഡ് നൽകിവന്നിരുന്നത്. സർവീസിൽ നിന്നു വിരമിച്ചശേഷവും ഇദ്ദേഹം താത്കാലിക സേവനത്തിലായിരുന്നു. വ്യാജ കാർഡുകൾ കണ്ടെത്തിയതോടെ ഡോക്ടറെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
ആരോഗ്യവകുപ്പ് ബോധവത്കരണ ക്ലാസുകൾ നടത്തി
ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തില്‍ ഹോട്ടല്‍ ഉടമകള്‍ക്കും കച്ചവട സ്ഥാപന ഉടമകള്‍ക്കുമായി ബോധവത്കരണ ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജെ. മണികണ്ഠന് വിഷയാവതരണം നടത്തി.
ഭക്ഷണം തയാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ശുചിത്വ മാനദണ്ഡങ്ങള്‍ കര്ശനമായിപാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. തീർഥാടന പാതയിലെ ഭക്ഷണശാലകൾ, ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് ബോധവത്കരണവും പരിശോധനകളും നടത്തും. ഭക്ഷണം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും കൈകാര്യം ചെയ്യുന്നവരും വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കണം പാചകത്തിലും ഭക്ഷ്യവിതരണത്തിലും ഏര്‍പ്പെടുന്നവര്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതിനൊപ്പം തലമുടി ഭക്ഷണത്തില്‍ വീഴുന്നത് ഒഴിവാക്കാന്‍ ക്യാപ് നിര്‍ബന്ധമായും ഉപയോഗിക്കണം.
ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും ആവശ്യമായ ഘട്ടങ്ങളില്‍ വൃത്തിയുള്ള ഡിസ്പോസിബിള്‍ ഗ്ലൗസുകള്‍ ധരിക്കുകയും വേണം. ഭക്ഷണം വിളമ്പുന്നതിനും നേരിട്ട് കൈകൊണ്ട് സ്പര്‍ശിക്കാതെ അനുയോജ്യമായ ഉപകരണങ്ങള്‍ ഉപയോഗിക്കണം.
മാലിന്യങ്ങൾ അലക്ഷ്യമായി ഇടരുത്
ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നതിന് അടപ്പുള്ള വേസ്റ്റ് ബിന്നുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കുകയും അവ നിറയുന്നതിന് മുമ്പ് കൃത്യമായി നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരികകുകയും വേണം. പാചകത്തിനായി ഉപയോഗിക്കുന്ന പച്ചക്കറികള്‍ ശുദ്ധജലത്തില്‍ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കണം. അഴുകിയതും കേടുപാടുകള്‍ സംഭവിച്ചതുമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷ്യവസ്തുക്കളും യാതൊരു കാരണവശാലും പാചകത്തിന് ഉപയോഗിക്കരുത്.
ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കരുത്. ആവശ്യമായ പച്ചക്കറികള്‍ മാത്രം തൊലി നീക്കം ചെയ്തു വൃത്തിയാക്കി പാചകത്തിനായി തയ്യാറാക്കണം. പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണസാധനങ്ങള്‍ തുറന്നുവക്കാന്‍ പാടില്ല. ഈച്ചകൾ, മറ്റ് പ്രാണികള്‍, പൊടി എന്നിവ കടക്കാത്തവിധം ഭക്ഷണപദാര്‍ഥങ്ങള്‍ എപ്പോഴും അടച്ചുവയ്ക്കുകയും ശരിയായ രീതിയില്‍ സംഭരിക്കുകയും വേണം.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും
തീർഥാടനകാലത്ത് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികൾ, വയറിളക്കരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജലജന്യഭക്ഷ്യജന്യ രോഗങ്ങളും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.
ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുക, കുടിവെള്ള സംഭരണികള്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരിച്ച് അണുവിമുക്തമാക്കുക, ഭക്ഷണം തയാറാക്കുന്നതിനും സൂക്ഷിക്കുന്നതിനും സുരക്ഷിതമായ സാഹചര്യം ഒരുക്കുക എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ ഭക്ഷണം തയാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും ആരോഗ്യസ്ഥിതി, ഉറപ്പാക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടരുത്.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി. തോമസ്, റിട്ടയേര്‍ഡ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി. റ്റി ജീമോന്‍ എന്നിവരും ക്ലാസുകൾ നയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് പത്തനംതിട്ട അസിസ്റ്റന്റ് കമ്മീഷണര്‍ സുജിത് പെരേര, ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. കെ. കെ. ശ്യാംകുമാർ, നിലക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. സജിന്‍ കെ. റെജി, ജില്ലാ ഡെപ്യൂട്ടി എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫിസര്‍മാരായ ആര്. ദീപ, എം. പി. ബിജുകുമാർ, ടെക്നിക്കല്‍ അസിസ്റ്റന്റ്മാരായ സി.പി ആശ, ആര് സജിത്ത്, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാർ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :