സത്യഗ്രഹ സമരം എം. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, ഏകപക്ഷീയമായി ഒപി ശീട്ട് നിരക്ക് വർധിപ്പിച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് അംഗങ്ങൾ താലൂക്ക് ആശുപത്രിക്കു മുൻപിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. എം. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സി. കെ. രൂപേഷ്, സഫ മജിദ്, വിനോദ് തിരുവോത്ത്, എൻ. എം. അഷ്റഫ്, കെ.കെ. പ്രേമൻ, പി.കെ. രാജു, എ. എം. കുഞ്ഞിരാമൻ, വി.കെ. ഷാജി , ശശികുമാർ പേരാമ്പ്ര, ഒ. അഭിജാത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.പി.ബാബു, സി. ബിജു, കെ.സി. ഗാന, അഡ്വ. ആദിത്യ സുകുമാരൻ പി.പി. സെമീർ, കെ.വി. അനുരാഗ് എന്നിവർ പ്രസംഗിച്ചു.
ഒപി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് ചർച്ചയ്ക്ക് ശേഷം: ബ്ലോക്ക് പഞ്ചായത്ത്
പേരാമ്പ്ര: ഗവ. താലൂക്ക് ആശുപത്രി ഒപി.ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി. 2013 ലാണ് അവസാനമായി ഇവിടെ ഒപി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്.രണ്ടു രൂപയായിരുന്ന നിരക്ക് അഞ്ചു രൂപയായാണ് വർധിപ്പിച്ചത്.
അന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കു നേതൃത്വം നൽകിയത് സിപിഎം ആയിരുന്നു. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്ത് പ്രസിഡന്റ് എൻ.പി. ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഒപി.ടിക്കറ്റ് 10 രൂപയാക്കി വർധിപ്പിക്കാൻ തീരുമാനമെടുത്തതിന്റെ മിനിട്ട്സ് ആശുപത്രിയിലുണ്ട്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തീരുമാനം നടപ്പിലാകുന്നതിന് കാല താമസമുണ്ടായതാണ്. ആശുപത്രി മാനേജ് മെന്റ് കമ്മിറ്റിയുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യുവജന സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്ത് ഒപി.ടിക്കറ്റ് വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും അധികൃതര് അറിയിച്ചു.
സമീപ പ്രദേശങ്ങളിലെ താലൂക്കാശുപത്രികളൊക്കെ 10 രൂപയാണ് ഒപി ടിക്കറ്റ് നിരക്ക്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ക്യാഷ്വാലിറ്റി ഒപി.ടിക്കറ്റ് നിരക്ക് 15 രൂപയാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രിക്കു കീഴിലുള്ള പല സബ് സെന്ററുകളിലും ഒപി.ടിക്കറ്റ് നിരക്ക് 10 രൂപയാണ്. കഴിഞ്ഞ 10 വർഷമായി സംസ്ഥാന സർക്കാറിൽനിന്ന് രണ്ട് കോടിയോളം പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ലഭിക്കാനുണ്ട്. ഇതെല്ലാം മറച്ചുവെച്ചു മലയോര മേഖലയിലെ പാവപ്പെട്ടവരുടെ ആശാ കേന്ദ്രമായ പേരാമ്പ്ര താലൂക്ക് ആശുപത്രിയെ സമര കേന്ദ്രമാക്കി രോഗികളോടു കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റ് മിനി വട്ടക്കണ്ടി, വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ, അംഗങ്ങളായ രാജൻ മരുതേരി, വി.ബി.രാജേഷ്, ആദില നിബ്രാസ്, കെ.കെ.സുവർണ, ലിജി ഷിജി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Tags :