പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്കായി തിരുവനന്തപുരം ആർസിസിയിലെത്തുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യമായി താമസിക്കാനായി സന്നദ്ധ സംഘടന "ഹോം എവേ ഫ്രം ഹോം’ കേന്ദ്രം ഒരുക്കി. സാന്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുട്ടികളുടെ ചികിത്സ മുടങ്ങിപ്പോകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ആക്സസ് ലൈഫ് ആണ് ’ഹോം എവേ ഫ്രം ഹോം’ കേന്ദ്രം ആരംഭിച്ചത്.
നന്ദാവനം വികാസ് ഭവന് സമീപമുള്ള വിമലാലയത്തിൽ ആരംഭിച്ച കേന്ദ്രം ആർസിസി ഡയറക്ടർ ഡോ. രജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ദൂരെ സ്ഥലങ്ങളിൽ നിന്നു ചികിത്സയ്ക്കെത്തുന്ന 11 കുടുംബങ്ങൾക്ക് ഒരേസമയം ഇവിടെ താമസിക്കാനാകും. സുരക്ഷിതമായ താമസത്തിനു പുറമെ പോ ഷകാഹാരം, ഗതാഗത സൗകര്യം, കൗണ്‍സിലിംഗ്, കുട്ടികൾക്കുള്ള വിദ്യാഭ്യാസ പിന്തുണ എന്നിവയും സൗജന്യമായി ലഭ്യമാക്കും. ദൂരസ്ഥലങ്ങളിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി എത്തുന്ന കുടുംബങ്ങൾക്ക് ദീർഘകാലം നീണ്ടുനിൽക്കുന്ന ചികിത്സ പലപ്പോഴും വൈകാരികവും സാന്പത്തികവുമായ വലിയ വെല്ലുവിളികൾ സൃഷ്ടിക്കാറുണ്ടെന്ന് ആർസിസി പീഡിയാട്രിക് ഓങ്കോളജി വിഭാഗം അഡീഷണൽ പ്രഫ. ഡോ. സി.എസ്. ഗുരുപ്രസാദ് വ്യക്തമാക്കി.
ആശുപത്രിക്ക് സമീപംതന്നെ അനുയോജ്യമായ താമസസൗകര്യം ലഭ്യമാക്കുന്നതിലൂടെ ഇതിനൊരു ശാശ്വത പരിഹാരമാണ് ആക്സസ് ലൈഫ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയുമായി സഹകരിച്ച് സമാനമായ കേന്ദ്രങ്ങൾ ഇവർ വിജയകരമായി നടത്തുന്നുണ്ടെന്നും സുരക്ഷിത ചുറ്റുപാടാണ് ലഭിക്കുകയെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.