മാന്നാർ: ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, എണ്ണയ്ക്കാട് മെഡിവെൽ ക്ലിനിക്കിന്റെ നേതൃത്വത്തിൽ റിവൈവ് കേരള പദ്ധതിയിൽ സൗജന്യ സമഗ്ര സിപിആർ പരിശീലന പദ്ധതിക്ക് തുടക്കമായി. പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന മെഡിവെൽ ക്ലിനിക്കിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജീവകാരുണ്യ ദൗത്യത്തിൽ സംസ്ഥാനത്തുടനീളം ഒരു ലക്ഷംപേർക്ക് പ്രായോഗിക സിപിആർ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
എണ്ണയ്ക്കാട് മെഡിവെൽ ക്ലിനിക് സെമിനാർ ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം മാവേലിക്കര ജോയിന്റ് ആർടിഒ എം.ജി. മനോജ് നിർവഹിച്ചു. ഹരിദാസൻ പിള്ള, മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം മാനേജിംഗ് ട്രസ്റ്റി എം.എൻ. ശശിധരൻ, വാർഡ് മെംബപർ സുരേന്ദ്രൻ, ഗാന്ധിഭവൻ ഡയറക്ടർ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. മെഡിവെൽ ക്ലിനിക്ക് എം.ഡി.ഡോ. അരുൺ ദാസ് ക്ലാസ് നയിച്ചു. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 60 പേർ വീതമുള്ള ബാച്ചുകളായാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്.
രണ്ട് ബാച്ചുകളിലായി കുരട്ടിക്കാട് ശ്രീഭൂവനേശ്വരി ഹൈസ്കൂൾ, കുട്ടമ്പേരൂർ എസ്കെവി ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും എണ്ണയ്ക്കാട് സ്മൈൽ കെയർ ദന്തൽ ക്ലിനിക്, ഇലഞ്ഞിമേൽ ഗാന്ധിഭവൻ, ബുധനൂർ പരാശക്തി ബാലികാസദനം, ഗ്രാമസേവ പരിഷത്ത് മാനേജ്മെന്റ്, ചെങ്ങന്നൂർ ഉഷ ഹോസ്പിറ്റൽ, സ്പിന്ടെക് മാന്നാർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.