പ്രതീകാത്മക ചിത്രം
തൊടിയൂര്‍: കരുനാഗപ്പള്ളി കാരൂര്‍ക്കടവ് - ഭരണിക്കാവ് റോഡുകള്‍ ബന്ധിപ്പിച്ച് ഇടക്കുളങ്ങരയില്‍ നിര്‍മിക്കുന്ന റെയില്‍വേ മേല്‍പ്പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ നടക്കുമെന്നും ഒക്ടോബര്‍ അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും സി.ആര്. മഹേഷ് എംഎല്‍എ അറിയിച്ചു.
49.34 കോടി രൂപ ചെലവഴിച്ചാണ് മേല്‍പാലം നിര്‍മിക്കുന്നത്. 7.5 മീറ്റര്‍ വീതിയുള്ള മേല്‍പ്പാലത്തില്‍ 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിക്കും.
പദ്ധതിയുടെ നൂറു ശതമാനം ചെലവും റെയില്‍വേയാണ് വഹിക്കുന്നത്. കേരള റെയില്‍വേ ഡെവലപ്പ്മെന്റ് കോര്‍പറേഷനാണ് നിര്‍മാണ ചുമതല. സി.ആര്. മഹേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം നജീബ് മണ്ണേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. കെആര്‍ഡിസിഎല്‍ ഉദ്യോഗസ്ഥരായ രാജേന്ദ്രന്, ഹരിദാസന്, ജോസഫ്, റോബിന് എന്നിവരും റവന്യു ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
വവ്വാക്കാവ് - ആനയടി റോഡ്, ചിറ്റുമൂല - മുരുകാലയം റോഡ് എന്നിവിടങ്ങളിലെ റെയില്‍വേ മേല്പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികളും പുരോഗമിക്കുകയാണ്.