ഡോണ്‍ മാർട്ടിൻ. ജൂനിയർ 110 മീറ്റർ ഹർഡിൽസ്. ഐഡിയൽ കടകശേരി.
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്കൂൾ കായികമേള രണ്ടാം ദിനം പിന്നിട്ടപ്പോൾ 61 മത്സരങ്ങളിലായി 229 പോയിന്റ് നേടി എടപ്പാൾ ഉപജില്ല മുന്നിൽ. 28 സ്വർണം, 25 വെള്ളി, 11 വെങ്കലം മെഡലുകൾ വാരിക്കൂട്ടിയാണ് എടപ്പാൾ മറ്റു ഉപജില്ലകളെ ബഹുദൂരം മറികടന്ന് ജൈത്രയാത്ര തുടരുന്നത്. 65 പോയിന്റുകളോടെ തിരൂർ ഉപജില്ല രണ്ടാമതും 59 പോയിന്റുകളോടെ കിഴിശേരി ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. അഞ്ച് കിലോമീറ്റർ സീനിയർ ബോയ്സ് നടത്ത മത്സരത്തോടെയാണ് ഇന്നലെ ട്രാക്കുണർന്നത്.
സ്കൂളുകളിൽ ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരിയാണ് മെഡൽ വേട്ടയിൽ 202 പോയിന്റുമായി കുതിപ്പുതുടരുന്നത്. കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂർ ആണ് 62 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. സിഎച്ച്എംഎച്ച്എസ് പൂക്കൊളത്തൂർ 28 പോയിന്റോടെ മൂന്നാം സ്ഥാനത്തും തുടരുന്നു. ഇന്നലെ നാല് മീറ്റ് റിക്കാർഡുകളാണ് പിറന്നത്. സീനിയർ ഡിസ്കസ് ത്രോ, ജൂനിയർ ഡിസ്കസ് ത്രോ, ജൂനിയർ 3000 മീറ്റർ നടത്തം, സീനിയർ 3000 മീറ്റർ നടത്തം എന്നിവയിലാണ് പുതിയ റിക്കാർഡുകൾ കുറിച്ചത്. ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചത് കാരണം നേരത്തെ നിശ്ചയിച്ചതിൽ നിന്ന് പുനക്രമീകരിച്ച് 21ന് ബുധനാഴ്ചയാണ് കായികമേള സമാപിക്കുന്നത്.
Tags : NattuVishesham DistrictNews