കോട്ടത്തറ ചീരകത്ത് മൃഗസംരക്ഷണ-ദുരിതാശ്വാസ കേന്ദ്രം ശിലാസ്ഥാപനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിർവഹിക്കുന്നു.
കൽപ്പറ്റ: ദുരന്തമുഖങ്ങളിൽനിന്നു വളർത്തുമൃഗങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിന് രാജ്യത്തെ ആദ്യ ദുരിതാശ്വാസ കേന്ദ്രം കോട്ടത്തറ പഞ്ചായത്തിലെ ചീരകത്ത് യാഥാർഥ്യമാകുന്നു. കേന്ദ്രത്തിന്റെ ശിലാസ്ഥാപനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. പ്രകൃതിദുരന്തങ്ങളിൽ അകപ്പെടുന്ന കന്നുകാലികളെയും മറ്റ് വളർത്തുമൃഗങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്ത മുന്നറിയിപ്പുകൾ ലഭിക്കുന്പോൾ മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ച് തീറ്റ, വെള്ളം, അടിസ്ഥാന വെറ്ററിനറി പരിചരണം എന്നിവ ഉറപ്പാക്കാൻ കേന്ദ്രത്തിലൂടെ സാധിക്കും. ഒരേസമയം 100 മുതൽ 150 വരെ വളർത്തുമൃഗങ്ങളെ സംരക്ഷിക്കാനുള്ള സൗകര്യമാണ് കേന്ദ്രത്തിലുണ്ടാകുക. ദുരന്ത സമയങ്ങളിൽ കന്നുകാലികളെയും അരുമ മൃഗങ്ങളെയും കൂടെ കൂട്ടാൻ കഴിയാത്തതിന്റെ വിഷമത്തിൽ കഴിയുന്ന കർഷകർക്ക് മൃഗസംരക്ഷണ ദുരിതാശ്വാസ-പുനരധിവാസ കേന്ദ്രം ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
ഉഷ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന ദുരന്ത നിവാരണ വിഭാഗം മെംബർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, വൈസ് പ്രസിഡന്റ് ഇ.സി. അജീഷ്, ഹ്യൂമൻ വേൾഡ് മാനേജിംഗ് ഡയറക്ടർ ആലോക്പർണ സെൻ ഗുപ്ത, സീനിയർ മാനേജർ പ്രവീണ്‍ സുരേഷ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർപേഴ്സണ്‍മാരായ ഇ.ആർ. പുഷ്പ, പി.പി. റെനീഷ്, ലീലാമ്മ ജോസഫ്, ത്രിതല പഞ്ചായത്തംഗങ്ങളായ നസീമ, എം.ജി. ജെനിമോൾ, സലാം നീലിക്കണ്ടി എന്നിവർ പ്രസംഗിച്ചു. ഒരു കോടി രൂപ ചെലവിലാണ് ദുരിതാശ്വാസ കേന്ദ്രം നിർമിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും ഹ്യൂമൻ വേൾഡ് ഫോർ ആനിമൽസ് ഇന്ത്യയുമാണ് തുക വകയിരുത്തിയത്.
Tags : NattuVishesham DistrictNews