പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പൊഴിയൂർ ( കൊല്ലംകോട് ) കടൽ ഭിത്തി നിർമാണ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിനു മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്ന് മന്ത്രി അഡ്വ. മോൻസ് ജോസഫ് അറിയിച്ചു.
കടലാക്രമണ ഭീഷണി സ്ഥിരമായി നേരിട്ടുകൊണ്ടിരുന്ന നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ പൊഴിയൂർ തീര പ്രദേശത്തുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആവശ്യമാണ് ഇപ്പോൾ പരിഹരിക്കപ്പെടുന്നത്. അതിരൂക്ഷമായ കടലാക്രമണംമൂലം പൊഴിയൂർ, കൊല്ലംകോട് തീരപ്രദേശങ്ങളിൽ തീരശോഷണവും കൂടുതൽ നാശനഷ്ടങ്ങളും ഉണ്ടായ സാ ഹചര്യത്തിൽ മേഖലയിലെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്.
ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ അഡ്വ. മോൻസ് ജോസഫ്, വി.ഇ. അബ്ദുൽ ഗഫൂർ, എംഎൽഎ എൻ. ശക്തൻ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. തുടർന്നു മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി കടൽ ഭിത്തി സംരക്ഷണ വികസന പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനമെടുക്കുകയായിരുന്നു.
കിഫ്ബി ഫണ്ട് വിനിയോഗിച്ചു കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിൽ 93.22 കോടി രൂപയുടെ സമഗ്ര തീര സംരക്ഷണ വികസന പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നു മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
Tags : Nattuvishesham DistrictNews DeepikaNews Pozhiyoor Sea