ഉദയകുമാർ
ഇരിട്ടി: ക്രിസ്മസ് ദിവസം രാത്രിയിൽ പടക്കം പൊട്ടിച്ചതിന് അതിഥി തൊഴിലാളികളെ മർദിച്ച കേസിൽ ഒന്നാം പ്രതി ഉദയകുമാറിനെ (39) ആറളം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മെഡിക്കൽ പരിശോധനയ്ക്കായി പ്രതിയെ കഴിഞ്ഞ ദിവസം രാത്രി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഈസമയം പോലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച ഉദയകുമാറിനെ ബലപ്രയോഗത്തിലൂടെ പോലീസ് കീഴടക്കുകയായിരുന്നു.
പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയത് ഉൾപ്പെടെ പ്രതിക്കെതിരെ സിപിഒ ഗണേശൻ ഇരിട്ടി പോലീസിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. അഥിതി തൊഴിലാളികളായ റിട്ടിക് റോയ്, ദീപൻ എന്നിവർക്കാണു മർദനമേറ്റത്. ഇവർ താമസിച്ചിരുന്ന വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച് ഉള്ളിൽ കയറിയായിരുന്നു ആക്രമണം. വീട്ടുപയോഗ സാധങ്ങൾ ഉൾപ്പെടെ പ്രതികൾ നശിപ്പിച്ചിരുന്നു. തൊഴിലാളികൾ നൽകിയ പരാതിയിലായിരുന്നു പോലീസിന്റെ നടപടി. പ്രതി ഉദയകുമാറിനെതിരെ കണ്ണൂർ, വയനാട് ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളിൽ പരാതികളുണ്ട്.