അറസ്റ്റിലായ പ്രതി
നെടുമങ്ങാട്: ലക്ഷ്വറി വാഹനങ്ങളുടെ ട്രാൻസിറ്റ് പോളിസി ബിസിനസിലും ടാറ്റ ഇൻവെസ്റ്റ്മെന്റ് ആൻ്ഡ് മ്യൂച്ചൽ ഫണ്ടിലും പണംനിക്ഷേപിച്ചാൽ അമിതലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി പത്തു കോടിയോളം രൂപ തട്ടിപ്പ് നടത്തിയ പ്രതിയെ ബംഗളൂരുവിൽ നിന്ന് പൊലിസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് പനവൂർ അംബേദ്കർ ഗ്രാമം റോഡിൽ ഇപ്പോൾ കരകുളം എട്ടാം കല്ലിൽ ഋതുവിൽ താമസിച്ചുവരുന്ന അരുണി (39)നെയാണ് അറസ്റ്റ് ചെയ്തത്. ചിറയൻകീഴ് സ്വദേശി ബെന്നി രാജൻ, പനവൂർ സ്വദേശി അഷറഫ്, മടവൂർ സ്വദേശി ഷാജൻ, പനയമുട്ടം സ്വദേശി സജിംഷാ, നെടുമങ്ങാട് കൊല്ലംകാവ് സ്വദേശി അരുൺ ഷാജി എന്നിവരിൽ നിന്നുമായി 10 കോടിയോളം രൂപയാണ് അരുൺ കൈക്കലാക്കിയത്. ബിസിനസിൽ ഇൻവെസ്റ്റ് ചെയ്തശേഷം പണം തിരികെ കൊടുക്കാതെ ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലിസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.