പൊളിച്ചുനീക്കിയ ടാഗോർ ഹാൾ.
കോഴിക്കോട്: നഗരത്തിലെ കലാ, സാംസ്കാരിക പരിപാടികള്‍ക്ക് പ്രധാനവേദിയായിരുന്ന ടാഗോര്‍ സെന്റിനറി ഹാളിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തി ഒന്നര വർഷമായിട്ടും എങ്ങുമെത്തിയില്ല. 2025 മാര്‍ച്ചില്‍ കെട്ടിടം പൊളിച്ചെങ്കിലും പുനര്‍നിര്‍മിക്കുന്നതിനുള്ള തറക്കല്ലുപോലും കോര്പറേഷന് ഇതുവരെ ഇട്ടിട്ടില്ല.
നിലവില്‍ ഇവിടം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയെന്നും ആക്ഷേപമുണ്ട്. പുതിയത് പണിയാമെന്ന തീരുമാനത്തില്‍ 2025 മാര്‍ച്ചില്‍ കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കുകയായിരുന്നു. ടാഗോര്‍ ഹാളിന്റെ നിര്‍മാണം വൈകുന്നതില്‍ കോഴിക്കോട്ടെ സാംസ്കാരിക പ്രവര്‍ത്തകരും ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. 1973ലായിരുന്നു ടാഗോള്‍ ഹാളിന്റെ നിര്‍മാണം. ഫിറ്റ്നസ് ലഭിക്കാത്തതിനെ തുടര്‍ന്ന് 2023ല്‍ ഇത് അടച്ചിടുകയായിരുന്നു.
നിര്‍മാണം വൈകാന്‍ കാരണം
തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഫണ്ട് ലഭിക്കുന്നതിലെ കാലതാമസമാണ് നിര്‍മാണം വൈകാന്‍ കാരണമെന്നാണ് കോര്പറേഷന് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ ലോണ്‍ ലഭിക്കുന്നതിലും കാലതാമസം നേരിടുന്നുണ്ട്.
68 കോടി രൂപ മുതല്‍ മുടക്കില്‍ അത്യാധുനിക സൗകര്യങ്ങളോടെ മൂന്ന് നില സാംസ്കാരിക നിലയം നിര്‍മിക്കാനാണ് കോര്പറേഷന് ലക്ഷ്യമിടുന്നത്. കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് 49 കോടി രൂപ വായ്പയെടുത്ത് കെട്ടിടം പണിയാനാണ് തീരുമാനിച്ചിരുന്നത്.
ഈ വായ്പയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ടാഗോര്‍ ഹാളിന്റെ പുനര്‍നിര്‍മാണം എപ്പോള്‍ തുടങ്ങുമെന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ല.
പുതിയ കെട്ടിടത്തിലെ സൗകര്യങ്ങള്‍
മൂന്ന് നിലകളിലായാണ് ടാഗോര്‍ ഹാളിന്റെ പുനര്‍നിര്‍മാണം ആസൂത്രണം ചെയ്തിരുന്നത്.
ഒരേസമയം 2000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള വലിയ തിയേറ്റര്‍ സൗകര്യം, 150 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ചെറിയ ഹാള്‍, മൂന്ന് മള്‍ട്ടിപ്ലക്സ് സ്ക്രീനുകള്‍, 500 പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന ഡൈനിംഗ് ഹാള്‍, ഓപ്പണ്‍ ആംഫി തിയേറ്റര്‍, പുസ്തകശാലകള്‍, കോഫി ഷോപ്പ്, ആധുനിക അടുക്കള, വിശാലമായ പാര്‍ക്കിംഗ് ഏരിയ എന്നിവയും വിഭാവനം ചെയ്തിരുന്നു.
Tags :