മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനായി വണ്ടൂരിലെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രാത്രികാല പരിശോധന നടത്തുന്നു.
വണ്ടൂർ: മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിന്റെ ഭാഗമായി ഭക്ഷണശാലകളിൽ രാത്രികാല പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ് അധികൃതർ.
രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് വണ്ടൂർ ഹെൽത്ത് ബ്ലോക്കിന് കീഴിൽ പരിശോധന ഊർജിതമാക്കിയത്. ഹെൽത്ത് ഇൻസ്പെക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന.
ഹെൽത്ത് സൂപ്പർവൈസർ ശ്രീജിത്ത് അബ്രക്കാട്ടിന്റെ നേതൃത്വത്തിലാണ് വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് ഒരേസമയം പരിശോധനകൾ തുടരുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവൃത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകി. ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി.
അംഗീകൃത ലാബുകളിൽ പരിശോധിച്ച് ലഭിച്ച കുടിവെള്ള സർട്ടിഫിക്കറ്റ്, സ്ഥാപനത്തിന്റെ ലൈസൻസ് എന്നിവയും സ്ക്വാഡ് പരിശോധിച്ച് വരികയാണ്. വരുംദിവസങ്ങളിലും രാത്രികാല പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മഞ്ഞപ്പിത്ത വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ടായിട്ടുണ്ട്. എന്നാൽ വണ്ടൂരിലെ ഭക്ഷണശാലകളിൽനിന്ന് ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ തടസ്സമില്ലെന്നും ഭീതിവേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Tags : NattuVishesham DistrictNews