കൈമനം ജംഗ്ഷനിൽ വിവിധ റോഡുകളിൽ നിന്ന് വന്നുചേരുന്ന വാഹനങ്ങൾ കുരുക്കിൽ അകപ്പെട്ട നിലയിൽ. ഒരു രാത്രികാല കാഴ്ച
ഉള്ളൂർ: കൈമനം ജംഗ്ഷനിൽ നിന്ന് തിരുവല്ലം ഭാഗത്തേക്ക് തിരിയുന്ന റോഡിന് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഐലൻഡ് ചെറുതാക്കുകയോ പൂർണമായി നീക്കുകയോ ചെയ്യണമെന്ന ആവശ്യം ഉയരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഒരു രോഗി മരിക്കാനിടയായ സാഹചര്യത്തിലാണ് ഇത്തരമൊരു മുറവിളി ഉയരുന്നത്.
കൈമനം ജംഗ്ഷനിലെ സിഗ്നൽ പോയിന്‍റിൽ നിന്ന് തിരുവല്ലം ഭാഗത്തേക്ക് തിരിയുന്ന റോഡിന് വീതി കുറവാണ്. ഒരു റോഡ് മധുപാലം വഴി തിരുവല്ലത്തേക്ക് പോകുന്നതിനും മറ്റൊരു റോഡ് തിരുവല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് തിരിച്ചു വരുന്നതിനുമാണ്. ഈ രണ്ട് റോഡുകളുടെയും മധ്യഭാഗത്തായിട്ടാണ് ഐലൻഡ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ റോഡിന് വീതി കുറവുണ്ട്.
തിരുവനന്തപുരം നിന്ന് വന്നു കൈമനം ജംഗ്ഷനിൽ നിന്ന് തിരുവല്ലം ഭാഗത്തേക്ക് പെട്ടെന്ന് തിരിയാമെന്ന് വെച്ചാൽ നടക്കില്ല. മാത്രമല്ല നേമം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പെട്ടെന്ന് ശ്രദ്ധയിൽ പെടുകയും ഇല്ല. ഇന്നലെ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിലെ ഡോക്ടർ ഓടിച്ചിരുന്ന കാർ കൈമനം ജംഗ്ഷനിൽ യു ടേൺ എടുക്കുന്നതിനിടെയാണ് നേമം ഭാഗത്തുനിന്ന് രോഗിയുമായി വന്ന ആംബുലൻസിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസിനുള്ളിൽ കിടന്ന ഇടിച്ചക്കപ്ലാമൂട് സ്വദേശി മജീദിന്‍റെ (70) തലക്കേറ്റ ക്ഷതമാണ് മരണകാരണമായത്. ഈ സമയം ആംബുലൻസിൽ മജീദിന്റെ മകൻ ഷഫീഖ് ഉണ്ടായിരുന്നുവെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരം ആർസിസിയിൽ മജീദ് കുറച്ചുനാളായി ചികിത്സയിൽ കഴിയുകയാണ്.
തുടർ പരിശോധനകൾക്ക് വേണ്ടി ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയാണ് അത്യാഹിതം സംഭവിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മജീദ് മരണപ്പെട്ടത്. ചില അവസരങ്ങളിൽ ഇവിടെ ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കാറില്ല. ആ സമയത്ത് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ അമരുന്നത് നിത്യ സംഭവമാണ്.
സിഗ്നൽ പ്രവർത്തിക്കാതാകുന്നതോടുകൂടി തിരുവനന്തപുരം ഭാഗത്തുനിന്ന് തിരുവല്ലം ഭാഗത്തേക്കും അവിടെ നിന്ന് തിരികെയും നേമം ഭാഗത്തുനിന്നും മറ്റൊരു ഇട റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ എല്ലാം കൂടി ഒന്നിച്ച് കുരുക്കിൽപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. കെഎസ്ആർടിസി വാഹനങ്ങളും ഇത്തരത്തിൽ കുരുക്കിൽ അമരുന്നുണ്ട്.
രാത്രികാലങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നുണ്ട്. കൈമനം ജംഗ്ഷനിൽ സിഗ്നൽ സംവിധാനത്തിനും ഐലൻഡിനും ശാസ്ത്രീയമായി പരിഷ്കാരം വരുത്തിയാൽ മാത്രമേ ഇവിടത്തെ അപകട സാധ്യത കുറയ്ക്കാൻ സാധിക്കുകയുള്ളൂ.
Tags : Traffic RoadSafety Thiruvananthapuram