കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ വേലിക്കകത്തുപടി ഭാഗത്തെ അപകടാവസ്ഥയിലായ കലുങ്ക്.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ മണ്ണാറക്കയത്തിനും കുരിശിങ്കലിനും ഇടയിലുള്ള കലുങ്ക് അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. വേലിക്കകത്തുപടി ഭാഗത്തെ കലുങ്കിലൂടെയുള്ള വാഹനങ്ങളുടെ സഞ്ചാരമാണ് നിരോധിച്ചിരിക്കുന്നത് .
മണിമല-കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡ് നിർമാണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിക്കും മണ്ണാറക്കയത്തിനും ഇടയിലുള്ള കലുങ്കിന്റെ നിർമാണം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കലുങ്കിന്റെ പകുതി പൊളിച്ചുനീക്കിയിട്ട് ഒരു മാസം കഴിഞ്ഞു. ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾ ഇവിടെ കടന്നുപോയിരുന്നത്. ഇതിനിടയിലാണ് പൊളിച്ച് നീക്കിയതിനോട് ചേർന്ന് വാഹങ്ങൾ കടന്നു പോയിരുന്ന ഭാഗത്തെ ടാറിംഗും മണ്ണും ഇടിയാൻ തുടങ്ങിയത്. മാത്രമല്ല അവശേഷിക്കുന്ന കലുങ്കിന്റെ കൽക്കെട്ടുകളും ഇളകിത്തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച പെയ്ത മഴയാണ് ഇത്തരമൊരു അപകടാവസ്ഥയ്ക്കിടയാക്കിയത്.
നിലവിൽ അപകടസാധ്യത പരിഗണിച്ച് വാഹനങ്ങളുടെ സഞ്ചാരം ഇതുവഴി നിരോധിച്ചിട്ടുണ്ട്. ഡോ. എൻ. ജയരാജ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, വാർഡ് മെംബർ ജോയി മുണ്ടാമ്പള്ളി എന്നിവർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.
നിലവിൽ മണ്ണാറക്കയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ടിബി റോഡിലൂടെ തിരിച്ചുവിട്ട് തുടങ്ങി.
തിരികെ കാഞ്ഞിരപ്പള്ളിക്കു വരുന്ന വാഹനങ്ങളും മണ്ണാറക്കയത്തുനിന്ന് തിരിഞ്ഞ് ടിബി റോഡ് വഴി കുന്നുംഭാഗത്തെത്തി മറ്റിടങ്ങളിലേക്ക് പോകണം. പുതിയ കലുങ്ക് നിർമാണത്തിന്റെ ഭാഗമായി നിലവിലെ കലുങ്കിന്റെ അവശേഷിക്കുന്ന ഭാഗംകൂടി പൊളിച്ചുനീക്കാനാണ് പിഡബ്ല്യുഡി നീക്കം തുടങ്ങിയിട്ടുള്ളത്. കാൽനടയാത്രയ്ക്കു മറ്റ് സംവിധാനമൊരുക്കാനാണ് ശ്രമം.
Tags : emergency nattuvishesham local news