സാസ്കാരിക സമ്മേളനം ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്ത് സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കംകുറിച്ച് വിളംബര ജാഥയും തൂഫാൻറാലിയും നടന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസിനു സമീപത്തുനിന്നു വിദ്യാർഥികൾ, എഡിഎസ്, സിഡിഎസ്, ഹരിതകർമസേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച വിളംബര ജാഥ ഇടുക്കി ഡിവൈഎസ്പി കെ.ആർ. മോഹൻദാസ് ഫ്ലാഗ് ഓഫ് ചെയ്തു. റാലി ടൗൺ ചുറ്റി സമ്മേളന നഗരിയായ അപ്പൂസ് ഹാളിൽ സമാപിച്ചു. തുടർന്നു നടന്ന സാസ്കാരിക സമ്മേളനം ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു.
ഡീൻ കുര്യാക്കോസ്എംപി തൂഫാൻ റാലി ഉദ്ഘാടനം ചെയ്തു. റോയി കെ. പൗലോസ് എംഎൽഎ സുവർണജൂബിലി ആഘോഷങ്ങളുടെ പേരായ നാട്ടൊരുമ 2 k26 എന്നപേര് പ്രകാശനം ചെയ്തു. ഇടുക്കിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ദ്രാമോൾ ജിന്നി സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
സ്ഥിരംസമിതി ചെയർപേഴ്സൺ ദീപ ജോസഫ് കഞ്ഞിക്കുഴി പഞ്ചായത്തിന്റെ 50 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരെയും അംഗങ്ങളെയും യോഗത്തിൽ ആദരിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി, ജില്ലാ പഞ്ചായത്തംഗം പി.എ. സജി, സുവർണ ജൂബിലി കൺവീനർ ജോബി ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
Tags :