പ്രതീകാത്മക ചിത്രം
നെടുമങ്ങാട്: കണ്ണമ്മൂല വിഷ്ണു കൊലക്കേസിൽ നെടുമങ്ങാട് എസ്സി/എസ്ടി പ്രത്യേക കോടതി ഇന്നു ശിക്ഷ വിധിക്കും. വിചാരണ ഇന്നലെ പൂർത്തിയായി. അപൂർവം കേസുകളിലുൾപ്പെടുന്നതല്ലെന്നും പ്രതികൾക്ക് പരമാവധി ഇളവ് അനുവദിക്കണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ സ്പെഷൽ പ്രോസിക്യൂട്ടർ സാജൻ പ്രസാദ് എതിർത്തു.
സമൂഹത്തെ ഞെട്ടിച്ച സംഭവമാണെന്നും പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.സ്പെഷൽ കോടതി ജഡ്ജി ഷാജഹാനാണ് വാദം കേട്ടത്.കേസിലെ ഒന്നാംപ്രതി കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയ വീട്ടിൽ ആർ. അരുൺ അടക്കം ഏഴുപേരെ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു.
പേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആകെ 48 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 144 തൊണ്ടി വസ്തുക്കളും ആറു തെളിവു രേഖകളും ഹാജരാക്കി.
പട്ടികജാതി -പട്ടികവർഗ അതിക്രമം തടയൽ നിയമം കൂടി ചുമത്തി അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ ഷാനിഹാനാണ് കുറ്റപത്രം സമർപ്പിച്ചത്. 2016 ഒക്ടോബർ ഏഴിനു പ്രതികൾ സംഘം ചേർന്നു വിഷ്ണുവിനെ മാതാപിതാക്കളുടെ മുന്നിലിട്ടു വെട്ടിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെടുമ്പോൾ 18 വയസായിരുന്നു വിഷ്ണുവിനു പ്രായം.