മാർ ജോസഫ് പണ്ടാരശേരിൽ
കണ്ണൂർ: 20 വർഷത്തെ മലബാറിലെ ഇടയദൗത്യം പൂർത്തിയാക്കി കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ പുതിയ കർമപഥത്തിലേക്ക്. കോട്ടയം അതിരൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് പദവിക്കൊപ്പം വിദേശരാജ്യങ്ങളിലെ ക്നാനായ മിഷന്റെ പ്രത്യേക ചുമതലയും നിർവഹിക്കും. മലബാറിലെ ക്നാനായ കുടിയേറ്റക്കാർക്കിടയിൽ നിന്നുള്ള ആദ്യമെത്രാൻ മാർ തോമസ് ആനിമൂട്ടിലിന് ചുമതലകൾ കൈമാറി മാർ പണ്ടാരശേരിൽ ഇന്നു പുലർച്ചെ കോട്ടയം അതിരൂപത ആസ്ഥാനത്തേക്ക് യാത്രയായി.
ഏറ്റുമാനൂരിൽ ജനിച്ച മാർ ജോസഫ് പണ്ടാരശേരിൽ 2006 ഒക്ടോബർ 28നാണ് കോട്ടയം അതിരൂപതയുടെ മലബാർ മേഖലയുടെ പ്രത്യേക ചുമതലയുള്ള മെത്രാനായി അഭിഷിക്തനാകുന്നത്. 1999 മുതൽ മലബാറിലെ ക്നാനായ സമുദായംഗങ്ങളുടെ അജപാലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മാർ മാത്യു മൂലക്കാട്ട് ആർച്ച്ബിഷപ്പായതിനെ തുടർന്നായിരുന്നു നിയമനം. അതിനുമുന്പ് കുറച്ചുകാലം ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കണ്ണൂരിന്റെ നന്മയും സ്നേഹവും ഹൃദയത്തിൽ സൂക്ഷിച്ചാണ് മാർ ജോസഫ് പണ്ടാരശേരിൽ യാത്രയാകുന്നത്. രണ്ടുപതിറ്റാണ്ടായി മലബാറിലെ ക്നാനായ സമുദായാംഗങ്ങളുടെ കണ്ണും കാതുമായിരുന്നു മാർ ജോസഫ് പണ്ടാരശേരിൽ. ലളിതമായ ജീവിതരീതിയും സൗമ്യമായ സംസാരശൈലിയും ആളുകളെ ചേർത്തുനിർത്തി. സ്വന്തം കാര്യങ്ങളെല്ലാം സ്വയം ചെയ്യണമെന്ന നിർബന്ധം. ആശയഗംഭീരവും ആകർഷകവുമായ പ്രസംഗങ്ങളും ഗാനശുശ്രൂഷയും മാർ ജോസഫ് പണ്ടാരശേരിയുടെ പ്രത്യേകതയായിരുന്നു.
വടക്കൻ കേരളത്തിലും കർണാടകയിലുമായുള്ള ക്നാനായ സമുദായാംഗങ്ങളുടെ ക്ഷേമത്തിനും സ്ഥാപനങ്ങളുടെ വളർച്ചയ്ക്കുമായി ഓടിനടന്നുള്ള പ്രവർത്തനങ്ങളിലായിരുന്നു മാർ പണ്ടാരശേരിൽ. ഇതോടൊപ്പം വിദേശമിഷന്റെ കാര്യങ്ങളും നിർവഹിച്ചു. ഇടവക സന്ദർശനങ്ങൾക്ക് അദ്ദേഹം ഏറെ പ്രാധാന്യം നൽകിയിരുന്നു. വയോജനങ്ങളെയും അശരണരെയും ചേർത്തുപിടിക്കാനും ശ്രദ്ധിച്ചു. ഇടവക സന്ദർശനത്തിനിടെ കിടപ്പുരോഗികളെ കാണുന്നതിന് പ്രത്യേക പ്രാധാന്യം നൽകി. മാത്രമല്ല, വർഷത്തിലൊരിക്കൽ ഓൺലൈൻ സംവിധാനത്തിലൂടെ അവരെ കേൾക്കാനും സമയം കണ്ടെത്തി.
കണ്ണൂർ ശ്രീപുരത്ത് മനോഹരമായ പള്ളി നിർമാണത്തിന് നേതൃത്വം നൽകി. കോവിഡിന്റെ വെല്ലുവിളികൾക്കിടെയാണ് നിർമാണം പൂർത്തിയാക്കി വെഞ്ചരിപ്പ് കർമം നിർവഹിച്ചത്. യുവജനങ്ങളോടും കുട്ടികളോടും പ്രത്യേകം കരുതലും സ്നേഹവും ബിഷപ്പിനുണ്ടായിരുന്നു. കെസിബിസി യൂത്ത് കമ്മിഷന്റെയും സീറോ മലബാർ യൂത്ത് കമ്മിഷന്റെയും സീറോ മലബാർ ചർച്ച് ഇന്റർനെറ്റ് മിഷൻ ചെയർമാൻ സ്ഥാനങ്ങളും തേടിയെത്തി.
മലബാർ റീജണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരിയെന്ന നിലയിൽ അധ്യാപകർക്ക് നൂതനാശയങ്ങൾ പകരാനും സ്കൂളുകളുടെയും കോളജുകളുടെ ഭൗതികസൗകര്യങ്ങൾ ഉയർത്താനും ശ്രദ്ധിച്ചു. കലാപരാഷ്ട്രീയം കണ്ണൂർ ജില്ലയുടെ ഉറക്കംകെടുത്തിയ നാളുകളിൽ കണ്ണൂർ, തലശേരി രൂപതകളിലെ ബിഷപ്പുമാർക്കൊപ്പം സമാധാനത്തിന്റെ സന്ദേശവുമായി അക്രമബാധിത പ്രദേശങ്ങളും വീടുകളും സന്ദർശിക്കാനും അദ്ദേഹം താത്പര്യമെടുത്തു.
Tags :