കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാല അഞ്ച് വിളയിനങ്ങള്‍ പുതുതായി വികസിപ്പിച്ചു. കെഎയു തേജസ്വിനി(മുളക്), കെഎയു മേധ(ബ്രഹ്മി), കെഎയു സൗഗന്ധിക (രാമച്ചം), കെഎയു കൊച്ചിന് പ്രൈഡ് (ഇഞ്ചി), കെഎയു ഗോള്‍ഡന്‍ ഫിംഗര്‍ (മഞ്ഞള്‍) എന്നിവയാണ് വികസിപ്പിച്ചത്. ഇവ സീഡ് സബ് കമ്മിറ്റിയുടെ അംഗീകാരത്തോടെ പുറത്തിറക്കി.
തേജസ്വിനി
വെള്ളായണി കാര്‍ഷിക കോളജിലെ വെജിറ്റബിള്‍ സയന്‍സ് വിഭാഗം മേധാവിയും അസോ. പ്രഫസറുമായ ഡോ. എസ്. ശാരദ വികസിപ്പിച്ചതാണ് കെഎയു തേജസ്വിനി. കുറ്റിച്ചെടിയായി വളരുന്നതും നീളമുള്ള കായ്കളും ഉയര്‍ന്ന വിളവും നല്‍കുന്നതാണ് ഈ ഇനം. ഇടത്തരം എരിവുള്ള തേജസ്വിനിക്ക് വൈറസ്ജന്യ രോഗങ്ങളെയും വാട്ടരോഗത്തെയും പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. ഹെക്ടറിന് ശരാശരി 32 മുതല്‍ 50 വരെ ടണ്‍ ആണ് വിളവ്. കേരളത്തിലെങ്ങും കൃഷി ചെയ്യാം.
മേധ
ഓടക്കാലി സുഗന്ധവിള ഔഷധസസ്യ ഗവേഷണകേന്ദ്രം മേധാവി പ്രഫ. ഡോ. ആന്‍സി ജോസഫ് വികസിപ്പിച്ചതാണ് കെഎയു മേധയും കെഎയു സൗഗന്ധികയും. മധ്യകേരളത്തില്‍ കൃഷി ചെയ്യാന്‍ യോജ്യമായ ഇനമാണ് മേധ.
മികച്ച ഉത്പാദനശേഷിയും ഉയര്‍ന്ന ബാക്കോസൈഡ് അളവും പ്രത്യേകതകളാണ്. ഹെക്ടറിന് 34 മുതല്‍ 36 വരെ ടണ്‍ വിളവും ഉണക്കിയെടുത്താല്‍ അഞ്ച് മുതല്‍ ആറ് വരെ ടണ്‍ വിളവും ലഭിക്കും.
സൗഗന്ധിക
ഉയര്‍ന്ന അളവില്‍ എസെന്‍ഷ്യല്‍ ഓയില്‍(1.4 ശതമാനം)അടങ്ങിയതാണ് സൗഗന്ധിക. മികച്ച വളര്‍ച്ച, കൂടുതല്‍ തൈകള്‍ പൊട്ടാനുള്ള ശേഷി, ഉയര്‍ന്ന വേര് ഉത്പാദനം, കൂടുതല്‍ എണ്ണയുടെ അളവ് എന്നിവ പ്രത്യേകതയാണ്.
വേരുകള്‍ക്ക് നല്ല കനവും സുഗന്ധവും നീളവുമുള്ളതിനാല്‍ ഹെക്ടറിന് 6.1 മുതല്‍ 7.8 വരെ ടണ്‍ വരെ ഉണക്കവേര് വിളവ് ലഭിക്കും. സംസ്ഥാനത്തിന്റെ മധ്യമേഖലയില്‍ തുറസായ സ്ഥലങ്ങളില്‍ കൃഷിക്ക് യോജിച്ചതാണ്.
കൊച്ചിന് പ്രൈഡ്
വെള്ളാനിക്കര കാര്‍ഷിക കോളജിലെ പ്ലാന്റേഷന് ക്രോപ്സ് ആന്‍ഡ് സ്പൈസസ് വിഭാഗത്തിലെ അസി. പ്രഫ.ഡോ. നായര്‍ സുനില്‍ അപ്പുക്കുട്ടന് വികസിപ്പിച്ചതാണ് കൊച്ചിന് പ്രൈഡും ഗോള്‍ഡന്‍ ഫിംഗറും. ഉയര്‍ന്ന അളവില്‍ സിന്‍ജിബെറിന്‍, അന്നജം, മികച്ച വിളവ് എന്നിവയോടൊപ്പം കൊച്ചിന് ഇഞ്ചിയുടെ തനതായ എരിവും മണവും ഉള്ളതാണ് കൊച്ചിന് പ്രൈഡ്.
240 മുതല്‍ 245 വരെ ദിവസങ്ങളാണ് വിള കാലയളവ്. റൈസോം റോട്ട് എന്ന രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. തെങ്ങിന്തോപ്പുകളില് തനിവിളയായോ ഇടവിളയായോ വളര്‍ത്താം. ശരാശരി വിളവ് ഹെക്ടറിന് 36.3 ടണ്‍ ആണ്. ചുക്ക് ഉത്പാദനത്തിന് യോജിച്ചതാണ്. കോട്ടയം, ഇടുക്കി ജില്ലകളില്‍ കൃഷിക്ക് പറ്റിയതണ്.
ഗോള്‍ഡന്‍ ഫിങ്കര്‍
ഉയര്‍ന്ന കുര്ക്കുമിന്(8.65 ശതമാനം)അടങ്ങിയ തനത് ആലപ്പി ഫിംഗര്‍ മഞ്ഞളാണ് ഗോള്‍ഡന്‍ ഫിംഗര്‍. വിളകാലം 240 മുതല്‍ 250 വരെ ദിവസങ്ങളാണ്. കയറ്റുമതിക്ക് യോജ്യമായ നല്ല വണ്ണമുള്ള കിഴങ്ങുകളാണ് ഇതിന്റേത്. ഹെക്ടറിന് ശരാശരി 39 മുതല്‍ 42 വരെ ടണ്‍ പച്ചമഞ്ഞള്‍ ആണ് വിളവ്. കോട്ടയം ജില്ലയില്‍ കൃഷിക്ക് ഉത്തമമാണ്.
Tags : Local News Nattuvishesham Wayanad