പ്രതീകാത്മക ചിത്രം
തൊടുപുഴ: കോളജ് വിദ്യാര്‍ഥിനികളുടെ സര്‍ഗാത്മകതയ്ക്കും കഴിവുകള്‍ക്കും പുതിയ ദിശാബോധം നല്കാന് കുടുംബശ്രീ കോളജ് കാമ്പസുകളിലേക്ക് എത്തുന്നു. കോളജ് വിദ്യാര്‍ഥിനികളുടെ സമഗ്ര വികാസവും ശക്തീകരണവും ലക്ഷ്യമിട്ടാണ് കുടുംബശ്രീ പ്രവര്‍ത്തനം കോളജുകളിലേക്ക് വ്യാപിപ്പിക്കുന്നത്. വിദ്യാര്‍ഥിനികളുടെ സാമൂഹ്യ പങ്കാളിത്തം, നൈപുണി വികസനം, തൊഴില്‍ പരിശീലനം, സംരംഭകത്വം തുടങ്ങി സര്‍വതല സ്പര്‍ശിയായ പദ്ധതിയായാണ് കുടുംബശ്രീ @ കാമ്പസ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ കാലത്തുതന്നെ ഭാവി ലക്ഷ്യമിട്ട് സാമ്പത്തിക സ്വാശ്രയത്വം നേടാന്‍ വിദ്യാര്‍ഥിനികള്‍ക്ക് അവസരമൊരുക്കുന്ന പദ്ധതിക്ക് ജില്ലയിലും അടുത്ത ദിവസം തുടക്കംകുറിക്കും.
പഠനത്തോടൊപ്പം ഇഷ്ടമേഖലകളില്‍ തൊഴില്‍ നൈപുണ്യം നേടാനും സംരംഭകത്വത്തിലൂടെ വരുമാനം കണ്ടെത്താനും വിദ്യാര്‍ഥിനികള്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. ആശയ രൂപീകരണം, പ്രോജക്ടുകള്‍ തയാറാക്കല്‍, ധനസഹായം, വിപണന പിന്തുണ തുടങ്ങി എല്ലാ തലത്തിലും കുടുംബശ്രീ പിക്രിയേറ്റീവ് ഫീല്‍ഡ്, ഉത്പാദന സേവന മേഖലകള്‍, ഐടി ആന്‍ഡ് ടെക്നോളജി, മറ്റ് പ്രസക്തമേഖലകള്‍ എന്നിവയിലാണ് വിദ്യാര്‍ഥിനികള്‍ക്കു നൈപുണ്യ പരിശീലനത്തിനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അവസരമൊരുങ്ങുക.
ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, പ്രഫഷണല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഇതിനായി കോളജുകളില്‍ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടുത്തി പ്രത്യേക കുടുംബശ്രീ ഗ്രൂപ്പുകള്‍ രൂപീകരിക്കും. പദ്ധതിയില്‍ അംഗമാകുന്ന വിദ്യാര്ഥിനികളില്നിന്നുതന്നെ അവരുടെ ആശയങ്ങള്‍ സ്വീകരിച്ച് വിപുലപ്പെടുത്തുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
ക്രിയേറ്റീവ് മേഖല തെരഞ്ഞെടുക്കുന്നവര്‍ക്ക് ഫിലിം മേക്കിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സംഗീതം, കണ്ടന്റ് റൈറ്റിംഗ്, ഡിസൈനിംഗ്, ബ്രോഡ്കാസ്റ്റിംഗ്, വ്ളോഗിംഗ്, സ്ക്രിപ്റ്റ് റൈറ്റിംഗ്, എഡിറ്റിംഗ്, പോര്‍ട്ട്ഫോളിയോ ഡവലപ്മെന്റ്, ഡിജിറ്റല്‍ കാമ്പയിനുകള്‍, പ്രോജക്ട് ഡെവലപ്മെന്റ്, സ്റ്റോറി ടെല്ലിംഗ് എന്നിവയില്‍ നൈപുണ്യ പരിശീലനം നേടാനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും കഴിയും.
ഐടി മേഖലയില്‍ സോഫ്റ്റ്വേര്‍ ഡവലപ്മെന്റ്, ആപ് ബില്‍ഡിംഗ്, റിസര്‍ച്ച് ഗൈഡന്‍സ്, ഹാക്കത്തണ്സ് എന്നിവയിലും ഉത്പാദന മേഖലയില്‍ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍, സൂക്ഷ്മ സംരംഭങ്ങള്‍, കാര്‍ഷികം, കരകൗശല നിര്‍മാണം തുടങ്ങിയവയിലും പരിശീലനം നേടാം. കൂടാതെ ടൂറിസം, ഹോം അപ്ഗ്രഡേഷന്, ഹോം മാനേജ്മെന്റ്, ഫാഷന്‍, ബ്യൂട്ടി, ടൂറിസം പ്രോജക്ട്, ബിസിനസ് മെന്ററിംഗ്, മാര്‍ക്കറ്റ് ലിങ്കേജ് എന്നീ മേഖലകളിലും നൈപുണ്യ പരിശീലനം നേടാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
Tags : Kudumbashree Nattuvishesham District News campuses