അമ്പലംപടി റാക്കാട് ചെക്ക്ഡാം റോഡിലെ മണ്ണിടിച്ചിൽ.
മൂവാറ്റുപുഴ : കനത്ത മഴയെത്തുടര്‍ന്ന് അമ്പലംപടി റാക്കാട് ചെക്ക്ഡാം റോഡില്‍ അഞ്ചുംകവലയില് മണ്ണിടിച്ചില്‍. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് അഞ്ചുംകവലയില് മലയെപുത്തന്പുരയില് ജെബിയുടെ പുരയിടത്തിനോട് ചേര്‍ന്നുള്ള വലിയ മണ്‍തിട്ട റോഡിലേക്ക് ഇടിഞ്ഞുവീണത്. അപകടസമയത്ത് റോഡില്‍ വാഹനയാത്രക്കാരോ കാല്‍നടയാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ശനിയാഴ്ച വൈകിട്ടോടെ തന്നെ ഇവിടെ ചെറിയ രീതിയില്‍ മണ്ണിടിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മഴ കനത്തതോടെ വലിയ കല്ലുകളും മണ്ണും ഉള്‍പ്പെടെ റോഡിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അമ്പലംപടി റാക്കാട് ചെക്ക്ഡാം റോഡില്‍ പൂര്‍ണമായും ഗതാഗതം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് വാളകം പഞ്ചായത്ത് അംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് റോഡിലെ മണ്ണും കല്ലുകളും നീക്കം ചെയ്തു.
വീണ്ടും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. കഴിഞ്ഞ മഴക്കാലത്തും ഇതേ സ്ഥലത്ത് വലിയ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും അപകടാവസ്ഥ ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. വിഷയം ഗൗരവമായി എടുത്ത് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കാനൊരുങ്ങുകയാണ് അവർ.
Tags : Local News Nattuvishesham Ernakulam