ആലുവ: രാത്രികാലങ്ങളിൽ ദീർഘദൂര കെഎസ്ആർടിസി ബസുകൾ ആലുവ സ്റ്റാൻഡിൽ കയറുന്നില്ലെന്ന് പരാതി. അർധരാത്രി സ്ത്രീകളടക്കമുള്ള യാത്രക്കാരെ ബൈപ്പാസിൽ ഇറക്കിവിടുന്നതായാണ് ആക്ഷേപമുണ്ട്. ഇവിടെ നിന്ന് ടൗണിന് അകത്തുള്ള ബസ് സ്റ്റാൻഡിലേക്കോ റെയിൽവേ സ്റ്റേഷനിലേക്കോ എത്തണമെങ്കിൽ പലപ്പോഴും ഓട്ടോറിക്ഷ പോലും കിട്ടാതെ സാഹചര്യമാണ് ഉള്ളത്.
രാവിലെ സൂപ്പർ ഫാസ്റ്റ്, നോൺ സ്റ്റോപ്പ് ബസുകൾക്ക് സമയലാഭത്തിനായി ആലുവ ടൗണിൽ കയറേണ്ടതില്ല. എന്നാൽ രാത്രി സഞ്ചരിക്കുന്ന യാത്രക്കാരുടെ സുരക്ഷ, യാത്രാ സൗകര്യങ്ങൾ ഇല്ലാത്തത് എന്നിവ കണക്കിലെടുത്ത് ടൗണിലേക്ക് കയറി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കയറണമെന്ന് കെഎസ്ആർടിസി എംഡിയുടെ ഉത്തരവിട്ടിരുന്നു. കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു ഈ ഉത്തരവ്.
എന്നാൽ ചില ബസുകൾ ഉത്തരവ് പാലിക്കാതെ യാത്രക്കാരെ നടുറോഡിൽ ഇറക്കിവിടുന്ന സാഹചര്യമുണ്ട്. രാത്രി ഗതാഗതക്കുരുക്ക് ഇല്ലാത്തതിനാലും വൺവേ ട്രാഫിക് നിർബന്ധമല്ലാത്തതിനാലും ദീർഘദൂര ബസുകൾക്ക് മൂന്ന് മിനിറ്റ് കൊണ്ട് നഗരത്തിൽ കയറി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിലൂടെ ദേശീയപാതയിലേക്ക് പുളിഞ്ചോട് ജംഗ്ഷനിലൂടെ കടക്കാനാകും.
എറണാകുളത്തുനിന്ന് വരുന്ന ബസുകൾക്ക് ആലുവയിലേക്ക് കയറാനും പുളിഞ്ചോട് വഴി സാധിക്കും.
ആലുവ റെയിൽവേ സ്റ്റേഷൻ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ ആയതിനാൽ റെയിൽവേ യാത്രക്കാർക്കും ദീർഘദൂര ബസുകൾ ടൗണിൽ കയറിയാൽ ഉപകാരമാണ്. പെരുമ്പാവൂർ വഴി ഇടുക്കി മേഖലയിലേക്ക് പോകുന്ന ദീർഘദൂര സ്വകാര്യ ബസുകളും രാത്രി 11.30 മുതൽ പുലർച്ചെ ആറ് വരെ യാത്ര ആരംഭിക്കുന്നത് റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാണ്.
കെഎസ്ആർടിസി ബസുകൾ രാത്രി ആലുവ ടൗണിൽ രണ്ട് - മൂന്ന് മിനിറ്റുകൊണ്ട് കയറി പോയാൽ നിരവധി ഇടുക്കി യാത്രക്കാർക്കും ഉപകാരമാകും. സ്ത്രീകളടക്കമുളള യാത്രക്കാരെ കഷ്ടപ്പെടുത്തുന്ന കെഎസ്ആർടിസി ജീവനക്കാരുടെ സമീപനം പൊലിസ് ഇടപെട്ട് മാറ്റിയെടുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
Tags : NattuVishesham DistrictNews