കണ്ണൂർ ദസറയുടെ ഏഴാം ദിവസത്തെ സാംസ്കാരിക സമ്മേളനം കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂർ: കണ്ണൂരിന്റെ പാരമ്പര്യത്തിൽ അന്തർലീനമായ സ്നേഹം ഒഴുകുന്ന ജലം പോലെയാണെന്ന് കെ. സുധാകരൻ എംപി. അത് എവിടേക്കും ഒഴുകി പരക്കും. ദസറ ഓരോ വർഷം കഴിയുമ്പോഴും ഈ പാരമ്പര്യം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ ദസറയുടെ ഏഴാം ദിനം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിന്റെ ചിന്തയിലും കർമങ്ങളിലും ഉയർന്ന പാരസ്പര്യമുണ്ട്. ജാതിയോ മതമോ ആചാരമോ അനുഷ്ഠാനമോ എല്ലാം പരസ്പരം ഉൾകൊള്ളുന്ന വിധത്തിലാണ്. എല്ലാ മാറ്റങ്ങളെയും ജനങ്ങൾ ഉൾകൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ നന്മകളുടെയും വലിയ പൈതൃകമുള്ള കണ്ണൂരിന്റെ സ്മൃതികൾ പുതിയ തലമുറയ്ക്ക് കൈമാറാൻ കൂട്ടായ പരിശ്രമം വേണമെന്ന് കഥാകാരൻ ശിഹാബുദ്ദീൻ പൊയ്തുംകടവ്. ദസറ സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി. സന്തോഷ്കുമാർ എംപി, ടി.കെ. ഗോവിന്ദൻ എംഎൽഎ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. തുടർന്ന് ക്ലാസിക്കൽ ഡാൻസ്, മോഹിനിയാട്ടം, ഫ്യൂഷൻ ഡാൻസ്, തിരുവാതിര, ഗിറ്റാർ, കുച്ചുപ്പുടി, നാടോടി നൃത്തം എന്നിവയ്ക്ക് ശേഷം വെല്ലിംഗ്ൺ ഐലൻഡ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.
Tags : NattuVishesham DistrictNews