നീലേശ്വരം ബ്ലോക്ക് ഓഫീസിനും ചിന്മയ സ്കൂളിനും സമീപം പടർന്നുപിടിച്ച തീ നിയന്ത്രണവിധേയമാക്കിയപ്പോൾ.
നീലേശ്വരം: ബ്ലോക്ക് ഓഫീസിനും ചിന്മയ സ്കൂളിനും സമീപം ഏക്കറുകളോളം സ്ഥലത്ത് വൻ തീപിടിത്തം. വിജനമായ പാറപ്രദേശത്തെ ഉണങ്ങിക്കിടന്ന പുല്ലുകൾക്കും കുറ്റിക്കാടിനും ഇടയിലാണ് ഇന്നലെ ഉച്ചയോടെ തീ പടർന്നത്. പരിസരമാകെ പുകപടലം വ്യാപിച്ചതോടെ ചിന്മയ സ്കൂളിൽ ക്ലാസുകൾ നിർത്തിവച്ച് കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിച്ചു.
അടുത്തുള്ള സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് സൂചന. ഉണങ്ങിയ പാറപ്പുല്ലുകളിൽ അതിവേഗം പടർന്നുപിടിച്ച തീ സമീപത്തുള്ള മരങ്ങളിലേക്കും വ്യാപിച്ചു.
നട്ടുച്ചവെയിലിൽ മരങ്ങൾ പോലും നിന്നുകത്തിയതോടെ ആർക്കും അടുക്കാൻ കഴിയാതായി. കാഞ്ഞങ്ങാട്ടു നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും സേനയുടെ വാഹനത്തിന് പാറപ്രദേശത്തുകൂടി അധികം മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഈ വാഹനത്തിൽ നിന്ന് വെള്ളം സ്പ്രേ ചെയ്തും നാട്ടുകാർ വെള്ളം കോരിയൊഴിച്ചുമാണ് തീ നിയന്ത്രണവിധേയമാക്കിയത്. നീലേശ്വരം പോലീസും സ്ഥലത്തെത്തിയിരുന്നു.
ചൂടും പുകയുമേറ്റ് എട്ട് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
വേനൽ കടുത്തതോടെ ദിനംപ്രതി ജില്ലയുടെ പല ഭാഗങ്ങളിലായി തീപിടിത്തമുണ്ടാകുന്നത് അഗ്നിരക്ഷാസേനയ്ക്ക് ജോലിഭാരമേറ്റുകയാണ്. ഉണങ്ങിക്കിടക്കുന്ന പുല്ലുകൾക്കും കുറ്റിക്കാടുകൾക്കും സമീപം പലരും അലക്ഷ്യമായി തീ കൈകാര്യം ചെയ്യുന്നതാണ് വലിയ തീപിടിത്തങ്ങളിലേക്ക് നയിക്കുന്നതെന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ പറയുന്നു. അശ്രദ്ധയോ മനപൂർവമായ അട്ടിമറിയോ ആണ് മിക്കവാറും തീപിടിത്തങ്ങൾക്ക് കാരണമാകുന്നതെന്നും അവർ പറയുന്നു.