പതിപ്പള്ളി-മേമുട്ടം ഭാഗത്തുനിന്നുള്ള കാഴ്ച.
മൂലമറ്റം: കാഴ്ചയുടെ ദൃശ്യവിരുന്നൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് മേമുട്ടം, ഉളുപ്പൂണി പ്രദേശങ്ങൾ. മൂലമറ്റം ടൗണിൽനിന്നു പത്തു കിലോമീറ്റർ അകലെയാണ് പതിപ്പള്ളി മേമുട്ടം, ഉളുപ്പൂണി പ്രദേശങ്ങൾ സ്ഥിതിചെയ്യുന്നത്.
എന്നാൽ മികച്ച റോഡിന്റെ അപര്യാപ്തത സഞ്ചാരികൾക്ക് ദുരിതമാകുന്നു. രണ്ടു കിലോമീറ്റർ റോഡ് ഭാഗം ടാറിംഗ് ഇല്ലാത്തതാണ് ഇവിടേക്കുള്ള യാത്ര ദുഷ്കരമാകുന്നത്.
ടാറിംഗ് പൂർത്തിയായാൽ തൊടുപുഴയിൽനിന്ന് ഏറ്റവും കുറഞ്ഞ ദൂരത്തിൽ വാഗമൺ, കട്ടപ്പന എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിചേരാനാകും. മൂലമറ്റത്തുനിന്നും കെ എസ്ഇബി കോളനി റോഡ് വഴിയാണ് ഉളുപ്പൂണിയിലേക്കെത്തുന്നത്.
റോഡിന്റെ വശങ്ങളിലായി കൺകുളിർക്കെ കാഴ്ചകളാണ് സഞ്ചാരികളെ കാത്ത് പ്രകൃതി ഒരുക്കിയിരിക്കുന്നത്. റോഡ് പൂർത്തിയായാൽ മൂലമറ്റം ടൗണിൽനിന്നു വാഗമണ്ണിന് 22 കിലോമീറ്റർ മാത്രം ദൂരമാണുള്ളത്. നിരവധി കാഴ്ചകളാണ് ഇവിടെയുള്ളത്.
കുളമാവ് ജലാശയത്തിന്റെ വിദൂര ദൃശ്യം, മാനം മുട്ടി നിൽക്കുന്ന മലനിരകൾ, തേയിലത്തോട്ടങ്ങൾ, പുൽമേടുകൾ, ഉളുപ്പൂണി ടണൽ എന്നിവയ്ക്കു പുറമേ രാവിലെയും വൈകുന്നേരവും മഞ്ഞു മൂടിക്കിടക്കുന്ന ഇവിടം ആരേയും ആകർഷിക്കുന്നതാണ്.
ഓഫ് റോഡ് ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടപ്രദേശം കൂടിയാണിവിടം. വാഗമണ്ണിൽ നിന്നു നിരവധി ജീപ്പുകളാണ് സഞ്ചാരികളുമായി ഇവിടെ എത്തുന്നത്.
ഇവിടേക്കു വരുന്പോൾ വനം വകുപ്പിന്റെ ചെക്ക്പോസ്റ്റുണ്ട്. ജീപ്പുകൾക്ക് ഇവിടെ പാസെടുക്കണം. ഇവിടേക്കുള്ള റോഡ് ടാറിംഗ് പൂർത്തീകരിച്ചാൽ ജില്ലയ്ക്കകത്തും പുറത്തുനിന്നുമുള്ള നൂറുകണക്കിനു സഞ്ചാരികൾ ഇവിടേക്ക് എത്തുമെന്ന കാര്യത്തിൽ സംശയമില്ല.