മന്ത്രി പി.സി. വിഷ്ണുനാഥിനെ പി.കെ. മിനി സ്വീകരിക്കുന്നു.
തൃശൂർ: ഭാവഗായകൻ പി. ജയചന്ദ്രന്റെ സംഭാവനകളെ ജനങ്ങൾ എക്കാലവും ഓർക്കുന്ന രീതിയിൽ തൃശൂരിൽ സ്മാരകം നിർമിക്കുമെന്നും അതിനു കോർപറേഷനുമായി സഹകരിക്കുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്. കേരള സാഹിത്യ അക്കാദമിയിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. പി. ജയചന്ദ്രന്റെ പൂങ്കുന്നത്തെ വീടും സാറ ജോസഫിന്റെ മുളങ്കുന്നത്തുകാവിലെ വീടും മന്ത്രി സന്ദർശിച്ചു.
അക്കാദമികളുടെ ദൈനംദിനപ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ആവശ്യമായ ഇടപെടലുകൾ നടത്തും. സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ലളിതകല അക്കാദമി, കേരള കലാമണ്ഡലം തുടങ്ങിയ സാംസ്കാരികസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കു പ്രവർത്തനമൂലധനവും ഫണ്ടും ആവശ്യമാണ്. മികച്ച രീതിയിൽ ഇവ പ്രവർത്തിപ്പിക്കാനുള്ള പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ജനങ്ങളുടെ സാംസ്കാരിക ഉന്നമനത്തിനുള്ള ജനകീയ ഇടപെടലുകൾ നടത്താൻ സാംസ്കാരികസ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.
സാഹിത്യ അക്കാദമിയിലെ ലളിതാംബിക അന്തർജനം സ് മാരക ഗ്രന്ഥശാലയും പുസ്തകശാലയും മന്ത്രി സന്ദർശിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മാനേജർ പി.കെ. മിനി മന്ത്രിയെ സ്വീകരിച്ചു. രാജൻ ജെ. പല്ലൻ എംഎൽഎ പങ്കെടുത്തു.
തൃശൂരിനെ കൾച്ചറൽ ടൂറിസംസിറ്റിയാക്കും: വിഷ്ണുനാഥ്
തൃശൂർ: സാംസ്കാരികതലസ്ഥാനമായ തൃശൂരിനെ കൾച്ചറൽ ടൂറിസം സിറ്റിയായി വികസിപ്പിക്കാൻ നടപടിയെടുക്കുമെന്നു സാംസ്കാരികമന്ത്രി പി.സി. വിഷ്ണുനാഥ്. ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ നല്കിയ സ്വീകരണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് മന്ത്രിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, രാജൻ ജെ. പല്ലൻ എംഎൽഎ, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, എം.പി. ജാക്സണ്, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, സുനിൽ അന്തിക്കാട്, ജോണ് ഡാനിയൽ, സി.ഒ. ജേക്കബ്, സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻ ഖാൻ എന്നിവർ പങ്കെടുത്തു.
Tags : Memoria NattuVishasham DistrictNews