പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നു.
ബളാൽ: അത്തിക്കടവ് നികുന്നിലെ നാരായണന്റെ പറമ്പിൽ കാടു വെട്ടിത്തെളിക്കുന്നതിനിടെ കണ്ടെത്തിയ കൂറ്റൻ പെരുമ്പാമ്പ് തൊഴിലുറപ്പ് തൊഴിലാളികൾക്കു നൽകിയത് ഒന്നൊന്നര പണി.
പാമ്പ് എങ്ങോട്ടെങ്കിലും ഇഴഞ്ഞുനീങ്ങി കാഴ്ചയിൽനിന്ന് മറഞ്ഞാൽ പിന്നെ നാട്ടുകാർക്കെല്ലാം പുറത്തിറങ്ങാൻതന്നെ ആശങ്കയാകുമെന്ന അവസ്ഥയിൽ അവർ മണിക്കൂറുകളോളമാണ് പാമ്പിന് കാവലിരുന്നത്. ഒടുവിൽ മരുതോത്തുനിന്ന് വനപാലകരെത്തിയാണ് പെരുമ്പാമ്പിനെ പിടികൂടി കൊണ്ടുപോയത്.
ഏകദേശം അഞ്ചടി നീളവും അതിനൊത്ത വണ്ണവുമുള്ള കൂറ്റൻ പെരുമ്പാമ്പിനെ ഇന്നലെ രാവിലെ 11 ഓടെയാണ് കണ്ടെത്തിയത്. വനപാലകർ എത്തുംവരെ പാമ്പ് എങ്ങും പോകുന്നില്ലെന്ന് ഉറപ്പാക്കിയാണ് പൊടിപ്പള്ളത്തെ കാർത്ത്യായനിയുടെ നേതൃത്വത്തിലുള്ള ഇരുപതോളം തൊഴിലാളികൾ അവിടെത്തന്നെ നിലയുറപ്പിച്ചത്. പാമ്പിനെ കണ്ടയുടൻ മേറ്റ് രാധ മധു മുഖേന പഞ്ചായത്ത് ഓഫീസിൽ വിവരമറിയിച്ചിരുന്നു. വാർഡ് മെംബർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് എ. ലതയും ഉദ്യോഗസ്ഥരുമടക്കം ഉടൻതന്നെ സ്ഥലത്തെത്തി. പിന്നീട് പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരം വനപാലകരെത്തി പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി ചാക്കിലാക്കി. ഇതിനെ ജനവാസകേന്ദ്രങ്ങളിൽ നിന്നകലെയുള്ള ഉൾക്കാട്ടിൽ കൊണ്ടുപോയി വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Tags : MGNREGA workers stand over a python NattuVishesham DistricteNews