കാലപ്പഴക്കം കൊണ്ട് ഏത് സമയവും നിലം പൊത്താവുന്ന സ്ഥിതിയിലെത്തിയ മിത്രക്കരി കണ്ണംകുളം പാലം.
മിത്രക്കരി: മുട്ടാർ-രാമങ്കരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും നാട്ടുകാരുടെ ഉറക്കം കെടുത്തുന്നതുമായ മിത്രക്കരി കണ്ണംകുളം പാലം പുതുക്കി നിർമ്മിക്കുവാനുള്ള നടപടികൾ വേഗത്തിലാക്കി റെജി ചെറിയാൻ എംഎൽഎ. ആംബുലൻസ് വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകാൻ പാകത്തിൽ 70,00000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ജലവിഭവ മന്ത്രി മോൻസ് ജോസഫിന് സമർപ്പിച്ചു കഴിഞ്ഞു.
അനുമതി ലഭിക്കുന്ന മുറയ്ക്ക് പാലത്തിന്റെ പുനർനിർമ്മാണത്തിനു ആരംഭമാകും. ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ ഉൾപ്പെടെ കടന്നുപോകാൻ പാകത്തിൽ നിർമ്മിച്ച പാലം ഏത് സമയവും നിലപൊത്താവുന്ന സ്ഥിതിയിലെത്തിയത് നാട്ടുകാർ കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് പാലം പുനർനിർമ്മിക്കുവാനുള്ള ആലോചന ഔദ്യോഗികമായി തന്നെ ശക്തിപ്പെട്ടത്.
മുട്ടാർ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളേയും ആലപ്പുഴ,ചങ്ങനാശേരി, മാന്പുഴക്കരി, എടത്വാ റോഡുകളെയും കൂടി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. മിത്രക്കരി സെന്റ് സേവ്യേഴ്സ് ഹൈസ്കൂൾ, അമല നേഴ്സറി സ്കൂൾ, മുട്ടാർ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങലിലേക്ക് നാട്ടുകാർക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാനുള്ള മാർഗം കൂടിയാണിത്. എംഎൽഎ നേരിട്ട് ഇടപെട്ടതോടെ എത്രയും വേഗം പാലത്തിന്റെ നിർമ്മാണത്തിന് ആരംഭം കുറിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Tags : reconstructed NattuVishesham DistrictNews