കുട്ടമ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി കുട്ടമ്പുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎയ്ക്ക് സ്വീകരണവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ ആദരിക്കലും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കുട്ടമ്പഴ യൂണിറ്റ് പ്രസിഡന്റ് എം.എം. എൽദോസ് അധ്യക്ഷത വഹിച്ചു.
വനിതാ വിംഗ് പ്രസിഡന്റ് സീന ജെയ്സൺ, കുട്ടമ്പുഴ യൂണിറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് ഷിബു തെക്കുംപുറം എംഎൽഎയെ പൊന്നാടയണിയിച്ച് മെമന്റോ നൽകി ആദരിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ വ്യാപാരികളുടെ മക്കളെയും കുട്ടമ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച കുട്ടികളെയും ആദരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നിർവഹണ സമിതി അംഗം ജിജി ഏലൂർ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ കെ.എ. സിബി, വൈസ് പ്രസിഡന്റ് വി.എ. അസീസ്, ജോയിന്റ് സെക്രട്ടറി ജോസ് കാക്കനാട്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജൻ മരോട്ടിക്കൽ, ഷൈജൻ മൂലൻ, ഡോൺ ബേബി, എം. പോൾസൺ, അമ്മിണി ശശി, രാജിൽ രാജേന്ദ്രൻ, വനിതാ വിംഗ് സെക്രട്ടറി മൈമൂന ഉമ്മർ എന്നിവർ പ്രസംഗിച്ചു.