അനൂപ് ജേക്കബ്
പിറവം: പിറവം മണ്ഡലത്തില്‍ ആവശ്യമായ സ്ഥലങ്ങളിൽ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും ഭക്ഷ്യധാന്യവും എല്‍പിജി സിലിണ്ടറും, ജനറേറ്ററും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയതായി സ്ഥലം എംഎല്‍എയും മന്ത്രിയുമായ അനൂപ് ജേക്കബ്.
മുവാറ്റുപുഴയാറിന്റെ തീരങ്ങളിലും കൈവഴികളുടെ സമീപത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരെ അപകടസാധ്യത വിലയിരുത്തി ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിക്കും. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളില്‍ അടിയന്തര ക്യാമ്പുകള്‍ സജ്ജമാക്കി ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ പഞ്ചായത്ത് സെക്രട്ടറിമാരും വില്ലേജ് ഓഫിസര്‍മാരും നടപടി സ്വീകരിക്കുന്നുണ്ട്.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാവിധ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. റവന്യു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍ എന്നിവയുടെ ഏകോപനത്തോടെ ജാഗ്രതാ നിര്‍ദേശങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ പ്രളയസാധ്യത ഒഴിവാക്കുന്നതിനായി നിലവിലുള്ള ഡാം - പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച്, മൂവാറ്റുപുഴ തഹസില്‍ദാര്‍, മൂവാറ്റുപുഴ ആര്‍ഡിഒ എന്നിവരുമായി ഏകോപനം നടത്തി പ്രളയ സാധ്യത വിലയിരുത്തി ഡാം തുറക്കുന്നതിന്, നടപടികള്‍ സ്വീകരിക്കാന്‍ മലങ്കര ഡാം എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Minister Anoop.